കാര്‍ഷിക കടാശ്വാസം നീട്ടണം; സര്‍ക്കാര്‍ ആർബിഐയെ സമീപിച്ചു

മൂന്നുമാസത്തോളം സമയം നല്‍കിയിട്ടും ഇക്കൊല്ലത്തെ പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകരില്‍ അഞ്ചുശതമാനത്തോളം പേര്‍ മാത്രമാണ് വായ്പ പുനഃക്രമീകരിക്കുന്നതിന് ബാങ്കുകളെ സമീപിച്ചത്.

Update: 2019-11-26 08:37 GMT

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്നാണ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. വായ്പാ പുനഃക്രമീകരണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

മൂന്നുമാസത്തോളം സമയം നല്‍കിയിട്ടും ഇക്കൊല്ലത്തെ പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകരില്‍ അഞ്ചുശതമാനത്തോളം പേര്‍ മാത്രമാണ് വായ്പ പുനഃക്രമീകരിക്കുന്നതിന് ബാങ്കുകളെ സമീപിച്ചത്. വായ്പ പുനഃക്രമീകരിക്കാത്തവര്‍ക്ക് മോറട്ടോറിയത്തിന്റെ ആനുകൂല്യം കിട്ടില്ല എന്നതിനാലാണ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് ആര്‍ബിഐക്ക് കത്തുനല്‍കിയത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴി ധനമന്ത്രി തോമസ് ഐസക്കാണ് ആര്‍ബിഐയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് മോറട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ വായ്പ പുനഃക്രമീകരിക്കുന്ന സമയം ആര്‍ബിഐ നീട്ടിനല്‍കിയിരുന്നു. ഇത്തവണയും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Tags:    

Similar News