വിഴിഞ്ഞത്ത് കയറ്റം കയറവെ ചരക്കുലോറി പിന്നോട്ടുരുണ്ടു; അപകടത്തില്‍പ്പെട്ട് കാറുകളും ഓട്ടോറിക്ഷയും

Update: 2021-03-06 19:34 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് കയറ്റം കയറുന്നതിനിടെ ചരക്കുലോറി പിന്നോട്ടുരുണ്ടു. പിന്നാലെ വന്ന രണ്ടുകാറുകളും ഓട്ടോറിക്ഷയും ലോറിയിലിടിച്ച് വശങ്ങളിലേക്ക് ചെരിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.50 ഓടെ വിഴിഞ്ഞം-മുക്കോല- കല്ലുവെട്ടാന്‍കുഴി സര്‍വീസ് റോഡിലായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു.

ഗുജറാത്തില്‍നിന്ന് നൂലും കയറ്റി കോട്ടയത്തേക്ക് പോവാനെത്തിയ ചരക്കുലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുക്കോലയില്‍നിന്ന് കല്ലുവെട്ടാന്‍ കുഴി സര്‍വീസ് റോഡിലെ കുത്തനെയുള്ള കയറ്റം കയറവെ ലോറി പിന്നോട്ടുരുളുകയായിരുന്നു.

ഒമ്പതര ടണ്‍ ഭാരമുളള നൂലുകളുമായാണ് ലോറി കയറ്റം കയറിയത്. പെട്ടെന്ന് പിന്നോട്ടുരുണ്ടതോടെ ഡ്രൈവര്‍ ബ്രേക്ക് ചെയ്തുവെങ്കിലും ലോറി നിന്നില്ല. ഈ സമയത്തായിരുന്നു പിന്നാലെ വന്ന കാര്‍ ലോറിയിലിടിച്ചത്.

ഈ കാര്‍ സമീപത്തെ ഓടയില്‍ കുടുങ്ങി. പിന്നാലെ വന്ന മറ്റൊരു കാര്‍, ആദ്യം അപകത്തില്‍പ്പെട്ട കാറിന്റെ പിന്നിലിടിച്ചു. തൊട്ടുപിറകെ വരികയായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചു. ഇതോടെ നാട്ടുകാരും പിന്നാലെയെത്തിയ വാഹനങ്ങളിലുണ്ടായിരുന്നവരും ചേര്‍ന്ന് ലോറിക്ക് തടസ്സംവയ്ക്കുകയും കൂടുതല്‍ അപകടമൊഴിവാക്കുകയുമായിരുന്നു. റോഡിന്റെ വശങ്ങളിലേക്ക് ചെരിഞ്ഞ് ഓടകളില്‍ കുടുങ്ങിയ കാറുകളിലും ഓട്ടോറിക്ഷയിലുമുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

Tags:    

Similar News