സ്വര്‍ണക്കടത്ത്: എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി

അഞ്ചുമണിക്കൂര്‍ നീണ്ട എന്‍ഐഎയുടെ ചോദ്യംചെയ്യലിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പേരൂര്‍ക്കട പോലിസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടന്നത്.

Update: 2020-07-23 18:58 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചുമണിക്കൂര്‍ നീണ്ട എന്‍ഐഎയുടെ ചോദ്യംചെയ്യലിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പേരൂര്‍ക്കട പോലിസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടന്നത്. ഒമ്പതര മണിക്കൂറായിരുന്നു നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. സ്വപ്‌ന, സരിത്ത്, സന്ദീപ് തുടങ്ങിയ പ്രതികളെയും എന്‍ഐഎ ചോദ്യംചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ എന്‍ഐഎ വിളിപ്പിച്ചത്. എന്‍ഐഎ അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസില്‍ എന്‍ഐഎയുടെ നടപടി.

കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ അടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളെ വെള്ളിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കേണ്ട പശ്ചാത്തലത്തില്‍ക്കൂടിയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യംചെയ്തത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍, ഔദ്യോഗിക പദവി ഉപയോഗം ചെയ്‌തോ, വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്‌തോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ എന്‍ഐഎ വിളിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.  

Tags:    

Similar News