സ്പ്രിങ്ഗ്ലർ അഴിമതിക്ക് പിന്നാലെ സ്വർണ്ണക്കടത്തും: വിവാദങ്ങളുടെ സഹയാത്രികനായി ഐടി സെക്രട്ടറി; സർക്കാർ സമ്മർദ്ദത്തിൽ

സ്വപ്ന സുരേഷ് ഒളിവിൽ പോയതിന് പിന്നിൽ ഉന്നതതല ബന്ധമെന്ന് സംശയം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും.

Update: 2020-07-07 05:15 GMT

തിരുവനന്തപുരം: വിവാദമായ സ്പ്രിങ്ഗ്ലർ കരാറുണ്ടാക്കിയ ഐടി സെക്രട്ടറി എം ശിവശങ്കർ 30 കോടിയുടെ സ്വർണ്ണക്കടത്ത് കേസിലും ആരോപണ വിധേയനായതോടെ സർക്കാർ സമ്മർദ്ദത്തിൽ. സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണം തേടും. ഐടി സെക്രട്ടറിക്കെതിരേ നടപടിക്ക് എൽഡിഎഫിൽ നിന്നുതന്നെ സമ്മർദ്ദമേറിയ സാഹചര്യത്തിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയേക്കും. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. അതേസമയം, മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. 

സർക്കാരിനേയും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയേയും നോക്കുകുത്തിയാക്കി ഐ ടി സെക്രട്ടറി സ്ഥിരം വിവാദങ്ങളുടെ  സഹയാത്രികനായതോടെ സർക്കാരും സംശയത്തിൻ്റെ നിഴലിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹമെന്നത് സംശയത്തിൻ്റെ ആഴം വർധിപ്പിക്കുന്നു. സർക്കാരിൻ്റെയും മുന്നണിയുടേയും പ്രതിച്ഛായ നഷ്ടപ്പെടുന്ന ഇത്തരം നടപടികളിൽ സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും അതൃപ്തിയിലാണ്. 

സ്പ്രിങ്ഗ്ലർ കരാർ ഏറെ വിവാദമായപ്പോൾ മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെയാണ് ഐടി സെക്രട്ടറി സ്പ്രിങ്ഗ്ലർ കരാറുണ്ടാക്കിയതെന്നായിരുന്നു വിശദീകരണം. സ്പ്രിങ്ഗ്ലറിന്റേത് ചട്ടങ്ങൾ പാലിക്കാത്ത പ്രശ്നമാണെങ്കിൽ ഇപ്പോഴത്തേത് ക്രിമിനൽ കേസുകളുള്ള ഒരാളുടെ നിയമനമാണ്. അതും ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസിൽ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആൾക്ക് എങ്ങനെ ഐടി വകുപ്പിൽ നിയമനം നൽകി എന്നതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. 

സ്വപ്നയുടെ നിയമനം താൻ അറിഞ്ഞിട്ടില്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്പ്രിങ്ഗ്ലർ വിവാദത്തിൽ കരാർ റദ്ദാക്കി മുഖം രക്ഷിച്ച സർക്കാരിന് സ്വർണ്ണക്കടത്ത് കേസിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.  സ്വപ്ന സുരേഷിനെ എങ്ങനെ നിയമിച്ചെന്ന കുഴക്കുന്ന ചോദ്യത്തിന് സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടി വരും.  

അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് ഒളിവിൽ പോയതിന് പിന്നിൽ ഉന്നതതല ബന്ധമെന്ന് സംശയം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും. കസ്റ്റംസ് സ്വർണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് വിവരം ചോർത്തിയതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. ഞായറാഴ്ചയാണ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വർണം കണ്ടെത്തുന്നത്. എന്നാൽ ശനിയാഴ്ച തന്നെ കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു.

തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്. സ്വർണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതർ ബാഗേജ് പരിശോധിക്കാൻ യുഎഇ കോൺസുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. കസ്റ്റംസ് നൽകിയ വിവരങ്ങൾ കോൺസുലേറ്റിൽ നിന്ന് ചോർന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് സംശയം. കോൺസുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

കേസിൽ പ്രതിയായ സരിത് കുറ്റം സമ്മതിച്ചതായും കോൺസുലേറ്റിന്റെ ചുമതലയുള്ള അറ്റാഷയുടെ പേരിലാണ് 30 കിലോ സ്വർണമെത്തിയതെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡിപ്ലോമാറ്റിക് ബാഗിലെത്തിയ ഭക്ഷണ പദാർഥങ്ങൾ ഒഴികെയുള്ളവ തന്റെ അറിവോടെയല്ല എത്തിയതെന്ന് അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം കിട്ടിയാലുടൻ കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായാണ് സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് . നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ളീഷും നന്നായി അറിയാവുന്നത് സ്വപ്നയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കുശേഷമാണ് എയർ ഇന്ത്യാ സാറ്റ്സിൽ പരിശീലനവിഭാഗത്തിൽ ജോലിലഭിക്കുന്നത്.

2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പോലിസ് കേസുണ്ടാകുന്നത്. ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാനാരിക്കെയാണ് ഇപ്പോഴത്തെ വിവാദങ്ങൾ. ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെയാണ് ഉന്നതരുമായി സ്വപ്നയ്ക്ക് അടുത്തബന്ധമുണ്ടാകുന്നത്. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിന്റെ പ്രധാന കാര്യങ്ങളിലെല്ലാം ഇടപെട്ടിരുന്നത് സ്വപ്നയായിരുന്നു. അക്കാലത്താണ് വ്യവസായികളും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്ത സൗഹൃദം സൃഷ്ടിക്കുന്നത്. സരിത്തുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ ജോലി ചെയ്തിരുന്ന കാലത്താണ്.

ഒരുവർഷം മുമ്പ് ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെയാണ് രണ്ടുപേർക്കും കോൺസുലേറ്റിൽനിന്ന് പുറത്തുപോകേണ്ടിവന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിൽ മികച്ച ജോലി ഉറപ്പാക്കാൻ സ്വപ്നയ്ക്ക് കഴിഞ്ഞു. ഐ.ടി. വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

പൂജപ്പുര മുടവൻമുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ ഐടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് സമീപവാസികൾ ആരോപിക്കുന്നുണ്ട്. ഒരുദിവസം സ്വപ്നയുടെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവമുണ്ടായതോടെ അവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂർക്കാവിലും ഇപ്പോൾ അമ്പലമുക്കിലുമാണ് ഇവരുടെ താമസം.

Tags:    

Similar News