രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്; സിപിഎം പ്രവർത്തകൻ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന

കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടർന്നത്.

Update: 2021-06-23 13:08 GMT

കണ്ണൂർ: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ സിപിഎം പ്രവർത്തകൻ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. കണ്ണൂർ അഴീക്കലിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.

കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഭവ സമയത്ത് ഇതേ കാർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

അർജുൻ ഉൾപ്പെടുന്ന സംഘത്തിന് കേരളത്തിലങ്ങോളമിങ്ങോളം വലിയ ബന്ധങ്ങളാണുള്ളതെന്നാണ് വിവരം. ശുഹൈബ് വധക്കേസിൽ പ്രതിയായ സിപിഎം പ്രവർ‍ത്തകൻ ആകാശ് തില്ലങ്കേരി ഉൾപ്പെടുന്ന സ്വർണക്കടത്തു സംഘത്തിലെ അം​ഗമാണ് അർജുൻ എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അർജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് രാവിലെ വരെ സജീവമായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ അർജുൻ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടർന്നത്. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെർപ്പുളശ്ശേരി സംഘമെത്തിയതെന്നും പോലിസ് പറയുന്നു. സ്വർണം പക്ഷേ, പുറത്തേക്ക് കടത്തുന്നതിന് മുമ്പ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തിരുന്നു.

കൊടുവള്ളിയിലെ സ്വർണക്കടത്തു സംഘത്തിനു വേണ്ടി ദുബയിൽ നിന്നു സ്വർണമെത്തുന്ന വിവരം കാരിയർ തന്നെ കണ്ണൂർ സംഘത്തിനു ചോർത്തി നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്നു കവർച്ച സംഘത്തെ പോലിസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.33 കിലോഗ്രാം സ്വർണവുമായി മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലർച്ചെയാണ് എയർ ഇന്റലിജൻസ് പിടികൂടിയത്.

സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു തമ്പടിച്ചിട്ടുണ്ടെന്നു ചെർപ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. സ്വർണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂർ സംഘമാണ്. ഇതോടെ ഇവർ മടങ്ങി. ദുബയ് വിമാനത്തിൽ നിന്നുള്ള യാത്രക്കാർ പുറത്തെത്തിയതിനു പിന്നാലെ സ്വർണം കണ്ണൂർ സംഘത്തിന്റെ കയ്യിലെത്തിയെന്നു ചെർപ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. തുടർന്ന് ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളിൽ പിന്തുടർന്നതായാണ് പിടിയിലായവരുടെ മൊഴി.

രാമനാട്ടുകരയിൽ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു. രാമനാട്ടുകര പുളിഞ്ചോട് വളവിനു സമീപം തിങ്കളാഴ്ച പുലർച്ചെ 4.30ന് ആയിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.