സിആപ്റ്റിൽ എൻഐഎ വീണ്ടും പരിശോധന നടത്തുന്നു

മതഗ്രന്ഥങ്ങൾ എന്തുകൊണ്ടാണ് സി- ആപ്റ്റിൽ എത്തിച്ചത് എന്നത് സംബന്ധിച്ച് എൻഐഎ ഇന്നലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചേദ്യം ചെയ്തിരുന്നു.

Update: 2020-09-23 07:00 GMT

തിരുവനന്തപുരം: യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ വീണ്ടും വട്ടിയൂർക്കാവിലെ സിആപ്റ്റിൽ എത്തി പരിശോധന നടത്തുന്നു. ഇന്നലെ മൂന്ന് ഘട്ടങ്ങളായി എൻഐഎ സി ആപ്റ്റിൽ പരിശോധന നടത്തി മുൻ എംഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണയും എൻഐഎ ഒരു തവണയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് എൻഐഎ നേരിട്ടെത്തി തുടർച്ചയായി സി ആപ്റ്റിൽ പരിശോധന നടത്തുന്നത്.

മതഗ്രന്ഥങ്ങൾ എന്തുകൊണ്ടാണ് സി- ആപ്റ്റിൽ എത്തിച്ചത് എന്നത് സംബന്ധിച്ച് എൻഐഎ ഇന്നലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചേദ്യം ചെയ്തിരുന്നു. എന്നാൽ അതിനും കൃത്യമായൊരു ഉത്തരം നൽകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും പരിശോധന നടത്തുന്നത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട പരിശോധനയിൽ മലപ്പുറത്തേക്കുള്ള യാത്രയിൽ ജിപിഎസ് തടസപ്പെട്ടതായി ആരോപണം നേരത്തെ ഉണ്ടായിരുന്നു. ജിപിഎസ് സംവിധാനം എൻഐഎ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ആളുകൾ ഉണ്ടെങ്കിലേ വിശദമായി പരിശോധിക്കാൻ കഴിയൂ. വാഹനത്തിന്റെ ജിപിഎസ് സംവിധാനം അടക്കമുള്ളത് ഇന്ന് വിശദമായി പരിശോധിക്കും.

ഇത് സംബന്ധിച്ച് ജീവനക്കാരെ കൊച്ചിയിൽ വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ജിപിഎസ് സംവിധാനം തകരാറിൽ ആയത് സംബന്ധിച്ച കൃത്യമായ വിവരം പങ്കുവയ്ക്കാൻ ജീവനക്കാർക്ക് ആയില്ല. മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് ഖുർആൻ പാക്കറ്റുമായി മലപ്പുറത്തേക്ക് പോയതെന്നാണ് ജീവനക്കാർ പറഞ്ഞത്. പക്ഷേ ജിപിഎസ് സംവിധാനം കട്ടായത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ ജീവനക്കാർക്ക് ആയില്ല. വന്ന പായ്ക്കറ്റുകളിൽ നിന്നെടുത്ത ഖുർആൻ സി ആപ്റ്റിലെ ജീവനക്കാന്റെ വീട്ടിൽ നിന്ന് പരിശോധനയ്ക്കായി എൻഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്. 

Tags:    

Similar News