സ്വർണക്കടത്ത് കേസ്: കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ചര്‍ച്ച നടത്തിയതില്‍ അതൃപ്തിയുമായി അന്വേഷണ സംഘം

ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്.

Update: 2020-12-12 05:30 GMT

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ കസ്റ്റംസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോയെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇ ഡി ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന അറിയിച്ചിരുന്നു. എന്നാല്‍ സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിങ് സര്‍ക്കാരിന് കൈമാറും.

Similar News