സന്ദീപ് നായര്‍ ഇനി ഇഡിക്കും മാപ്പുസാക്ഷി; ശിവശങ്കറിന് കുരുക്ക്

മതിയായ തെളിവുകള്‍ നിരത്താന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്

Update: 2020-11-15 09:12 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. എം ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപിനെ മാപ്പുസാക്ഷി ആക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ രക്ഷപെടുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇഡിയുടെ നീക്കം.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിലും വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇതിനു മതിയായ തെളിവുകള്‍ നിരത്താന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഒരുപടികൂടി കടന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കൂട്ടു പ്രതിയെ തന്നെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടത്തിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സന്ദീപ് നായര്‍ നായര്‍ ഉടന്‍ മാപ്പ് സാക്ഷിയാകും. ഇതിനു മുന്നോടിയായി രഹസ്യമൊഴി നല്‍കുന്നതിനുള്ള അപേക്ഷ വരുംദിവസം കോടതിയില്‍ സമര്‍പ്പിക്കും. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് മാപ്പുസാക്ഷിയായിരുന്നു.