സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍നിന്ന് മാറ്റി

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.

Update: 2020-07-15 18:29 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനു ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്നു വിളിച്ച മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി. ഐടി വകുപ്പിലെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ശിവശങ്കറാണ് ഫ്‌ളാറ്റ് ബുക്ക്‌ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ഫ്‌ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കി. ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്‌ളാറ്റിലാണ് പിന്നീട് സ്വപ്‌നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്. മെയ് അവസാനമാണ് ശിവശങ്കര്‍ ഫ്‌ളാറ്റിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.

സുഹൃത്തിന്റെ കുടുംബത്തിനു ഫ്‌ളാറ്റ് ശരിയാവുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്‌സ് ആപ്പിലൂടെയാണു വിവരങ്ങള്‍ കൈമാറിയത്. ഇതനുസരിച്ചു ഫ്‌ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ചു റേറ്റ് ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അരുണ്‍ പറഞ്ഞു. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. 2018 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായിയിലേക്കു നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്‌നോപാര്‍ക്കായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ കീഴുദ്യോഗസ്ഥനായ അരുണ്‍ നിലവില്‍ ടെക്‌നോപാര്‍ക്കിലെ മാര്‍ക്കറ്റിങ് ഡയറക്ടറാണ്.  

Tags: