സ്വര്‍ണവില കുത്തനെ കുറഞ്ഞു; പവന് 39,200 രൂപ, ഗ്രാമിന് 4,900
ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് കുറഞ്ഞത്. സമീപകാലചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ചയാണ് സംഭവിച്ചിട്ടുള്ളത്.
കൊച്ചി: കഴിഞ്ഞദിവസം സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവില കുത്തനെ താഴേക്ക്. ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് കുറഞ്ഞത്. സമീപകാലചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. സര്‍വകാല റെക്കോഡ് വിലയായ 42,000 രൂപയില്‍നിന്നുമാണു ഈ വിലയിടിവ്. മൂന്നുദിവസത്തിനിടെ മാത്രം പവന് 2,800 രൂപ കുറഞ്ഞപ്പോള്‍ ഗ്രാമിന് 350 രൂപയും ഇടിഞ്ഞു.
ചൊവ്വാഴ്ച രണ്ടുതവണയായി പവന് 800 രൂപയും കഴിഞ്ഞ ദിവസം 400 രൂപയും വിലയിടിഞ്ഞതിനു പിന്നാലെയാണ് ഇന്ന് കുത്തനെ ഇറക്കമുണ്ടായത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാവുന്നുണ്ട്. ചൊവ്വാഴ്ച യുഎസ് വ്യാപാരത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. കൊവിഡ് വാക്‌സിന്‍ റഷ്യ അംഗീകരിച്ചുവെന്ന വാര്‍ത്തകള്‍ കാരണം വ്യാപാരികളും നിക്ഷേപകരും സ്വര്‍ണ വ്യാപാരത്തില്‍നിന്ന് പിന്‍മാറിയതാണ് ഇതിന് കാരണം.