സ്വര്‍ണവില വീണ്ടും റെക്കോർഡിലേക്ക്
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 20 ശതമാനത്തോളം വര്‍ധനയാണ്. 2018 ആഗസ്ത് നാലിന് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും കുറഞ്ഞവില സ്വര്‍ണത്തിനു രേഖപ്പെടുത്തിയപ്പോള്‍ ഇന്നത്തേക്ക് റെക്കോഡ് വിലയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോർഡിലേക്ക്. ഗ്രാമിന് ഇന്നലെ 3325 രൂപയായിരുന്നത് ഇന്ന് 3621രൂപയായി. പവന് 26200ല്‍ നിന്ന് 26600 രൂപയായി.
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 20 ശതമാനത്തോളം വര്‍ധനയാണ്. 2018 ആഗസ്ത് നാലിന് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും കുറഞ്ഞവില സ്വര്‍ണത്തിനു രേഖപ്പെടുത്തിയപ്പോള്‍ ഇന്നത്തേക്ക് റെക്കോഡ് വിലയാണ്.
കഴിഞ്ഞവര്‍ഷം ആഗസ്ത് മൂന്നിന് പവന് 22,000 രൂപയായിരുന്നു സ്വർണവില. അന്ന് 2,750 രൂപയായിരുന്നു ഒരു ഗ്രാമിനു വിലയെങ്കില്‍ ഇന്ന് 3275 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഒരു ഗ്രാമിനുണ്ടായ മാറ്റം 575 രൂപ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം സ്വര്‍ണവില വര്‍ധിച്ചത് പവന് 520 രൂപയും ഗ്രാമിന് 65 രൂപയും.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനു വില ഉയരാന്‍ കാരണമായി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കനുസരിച്ചു കഴിഞ്ഞ മൂന്നു മാസത്തിനിടെ 213 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന. ഇന്ത്യന്‍ വിപണിയിലെ വന്‍ വിലവര്‍ധനയ്ക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡ് രേഖപ്പെടുത്തി. വിലവർധന കേരളത്തിലെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ടാഴ്ചയോടെ ഓണം, വിവാഹ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വ്യാപാരം മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
