ആരോഗ്യ മേഖലയിലെ നൂതന സൗകര്യങ്ങള്‍ സാധാരണക്കാരനും പ്രാപ്യമാക്കണം: മന്ത്രി കെ കെ ഷൈലജ

വൈദ്യശാസ്ത്രം വികസിക്കുന്നതു പോലെ തന്നെ രോഗങ്ങളും വ്യാപകമാകുകയാണ്. ഇതില്‍ പല ചികില്‍സകളും സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതല്ല. മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം വലിയ വിലയാണുള്ളത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചയുണ്ടാകണം

Update: 2020-01-09 11:49 GMT

കൊച്ചി: ആരോഗ്യ മേഖലയിലെ നൂതന രീതികള്‍ സാധാരണക്കാരനും പ്രാപ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ.ആഗോള നിക്ഷേപ സംഗമം അസ്സന്‍ഡ് -2020 ല്‍ അലോപ്പതി - ആയുര്‍വേദ മേഖലകളിലെ പുതിയ സാധ്യതകളെ കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വൈദ്യശാസ്ത്രം വികസിക്കുന്നതു പോലെ തന്നെ രോഗങ്ങളും വ്യാപകമാകുകയാണ്. ഇതില്‍ പല ചികില്‍സകളും സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതല്ല. മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം വലിയ വിലയാണുള്ളത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചയുണ്ടാകണം. ആരോഗ്യ മേഖലയില്‍ ആഗോള തലത്തിലുണ്ടായ വളര്‍ച്ച കേരളത്തേയും വളര്‍ച്ചയിലേക്ക് നയിച്ചു. പല രോഗങ്ങളേയും തുരത്തുന്നതില്‍ നാം വിജയിച്ചു.

മാതൃ ശിശു മരണ നിരക്കുകളടക്കം കുറക്കാന്‍ നമുക്കായി. നിപ പോലുള്ള പകര്‍ച്ച വ്യാധികളെയും പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. കാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളെയും മുന്‍കൂട്ടി നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ അവയെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. ജീവിത ശൈലി രോഗങ്ങളും പകര്‍ച്ച വ്യാധികളും ഇപ്പോഴും നമുക്ക് മുന്നില്‍ വെല്ലുവിളികളായുണ്ട്. ഇത്തരം കാര്യങ്ങളില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നിക്ഷേപക സംഗമത്തില്‍ നിന്നുയര്‍ന്ന് വരേണ്ടതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. യോഗത്തില്‍ കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്ററായി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ കോബ്രഗ്‌ഡെ, ഡോ.മുള്‍ചന്ദ് എസ് പാട്ടേല്‍ ( ന്യൂയോര്‍ക്ക്) ഡോ.സി എന്‍ രാംചന്ദ്, സാംസന്തോഷ്, , രാജീവ് വാസുദേവന്‍, പുഷ്പ വിജയരാഘവന്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

Tags:    

Similar News