ജിയോ ട്യൂബ്: മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതയായി മേഴ്‌സിക്കുട്ടിയമ്മ

മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കിയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വികാരഭരിതയായി

Update: 2020-10-14 19:20 GMT

തിരുവനന്തപുരം: കടലാക്രമണം തടയാനുള്ള ജിയോ ട്യൂബ് പദ്ധതി വൈകുന്നതില്‍ മന്ത്രിസഭാ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പദ്ധതിയുടെ കരാര്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ തടസങ്ങള്‍ വരികയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. പൈലറ്റ് പദ്ധതിയുടെ കരാര്‍ നല്‍കിയതടക്കം വീണ്ടും പരിശോധിക്കണമെന്ന് നിയമമന്ത്രി പറഞ്ഞു. ഇതുകേട്ട് മേഴ്‌സിക്കുട്ടിയമ്മ ക്ഷുഭിതയായി.

ആദ്യമായാണ് ജിയോ ട്യൂബ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും പൊതുമരാമത്ത് മാനദണ്ഡമൊന്നും നിലവില്‍ ഇല്ലെന്നും എകെ ബാലന്‍ പ്രതികരിച്ചു. കരാര്‍ നല്‍കിയത് അടക്കമുള്ള കാര്യങ്ങളില്‍ നിയമപരിശോധന വീണ്ടും വേണ്ടി വരുന്നതിന്റെ കാരണം ഇതാണെന്ന് മന്ത്രി ബാലന്‍ പറഞ്ഞെങ്കിലും മേഴ്‌സിക്കുട്ടിയമ്മക്ക് വിശദീകരണം സ്വീകാര്യമായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കിയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വികാരഭരിതയായി. മുഖ്യമന്ത്രി ഈ സമയത്ത് മൗനം പാലിച്ച് കേട്ടിരുന്നു.

കടല്‍ഭിത്തിക്കുള്ള ബദലായാണ് ജിയോ ട്യൂബ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബി സഹായത്തോടെ പൂന്തുറ, ശംഖുമുഖം തീരത്താണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി ചെല്ലാനം ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ നാളുകളായി കടുത്ത ദുരിതമാണ് കടലാക്രമണം മൂലം നേരിടുന്നത്. തീരദേശവാസികളുടെ റിലേ നിരാഹാര സമരം ഒരു വര്‍ഷം പിന്നിട്ട് ഇപ്പോഴും തുടരുകയാണ്.