'രാജ്യത്തെ വംശഹത്യയ്ക്ക് വിട്ടുനല്‍കില്ല '; സെമിനാര്‍ സംഘടിപ്പിച്ച് കാംപസ് ഫ്രണ്ട്

Update: 2022-02-20 10:20 GMT

കണ്ണൂര്‍: 'രാജ്യത്തെ വംശഹത്യയ്ക്ക് വിട്ടുനല്‍കില്ല ' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അശ്‌വാന്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വംശഹത്യയിലേക്ക് തള്ളിവിടുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ രംഗത്തുവരണമെന്നും ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യം വംശഹത്യയ്ക്ക് കളമൊരുക്കുന്ന കാഴ്ചയാണ് കാണുന്നത്.


 ഭരണകൂട സ്‌പോണ്‍സര്‍ഷിപ്പിലായിരിക്കും ഇത്തരം നീക്കങ്ങള്‍ ഇനി നടക്കാനിരിക്കുന്നത്. അതിനാല്‍, അത്തരം നീക്കങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞുകൊണ്ട് തടയാന്‍ മുന്നോട്ടുവരേണ്ടത് വിദ്യാര്‍ഥികളാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ വംശഹത്യകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. സമൂഹങ്ങള്‍ക്കിടയില്‍ വിവേചനങ്ങളും വിദ്വേഷവും ജനിപ്പിച്ച് ഇല്ലായ്മ ചെയ്യുക എന്നതാണ് അതില്‍ പ്രധാനം.


 ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി കലാപങ്ങള്‍ ഉണ്ടാക്കുക എന്നതാണ് വംശഹത്യ നടത്തുന്നവരുടെ അജണ്ട. അത് ജനകീയ പ്രതിരോധങ്ങളിലൂടെയും ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങളിലൂടെയുമെ തടയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.


 സംസ്ഥാന കമ്മിറ്റിയംഗം മിസ്ഹബ് എന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിരീന്‍ വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.സി പി അജ്മല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി കെ ഉനൈസ്, വൈസ് പ്രസിഡന്റ് അമീറ ഷിറിന്‍ പങ്കെടുത്തു.

Tags:    

Similar News