ഇടതുപക്ഷ പാർട്ടികൾ പുരുഷാധിപത്യ ശക്തികൾ; സ്ഥാനാർത്ഥി നിർണയത്തിനെതിരേ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ
സംവരണ സീറ്റുകളിൽ അല്ലാതെ എത്ര ദലിതർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്ന് പരിശോധിക്കപ്പെടണം
തിരുവനന്തപുരം: എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയത്തിനെതിരേ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ഇടതുപക്ഷ പാർട്ടികൾ ഈ കാലത്തും പൊതുവെ പുരുഷാധിപത്യ ശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സംവരണ സീറ്റുകളിൽ അല്ലാതെ എത്ര ദലിതർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ഒടുവിൽ വന്നപാർട്ടിക്ക് കൊടുത്ത അനർഹമായ പ്രാധാന്യം ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പറയാതെ വയ്യ,
ഇടതുപക്ഷ പാർട്ടികൾ ഈ കാലത്തും പൊതുവെ പുരുഷധിപത്യശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സ്ഥാനാർഥി നിർണയം മാത്രം മതി ഇത് തിരിച്ചറിയാൻ. സിപിഎം ഉം സിപിഐ ഉം ഈ കാര്യത്തിൽ ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വലതുപക്ഷത്തു നിന്ന് അത് സാധാരണ രീതിയിൽ പ്രതീക്ഷിക്കുന്നില്ല. സംവരണ സീറ്റുകളിൽ അല്ലാതെ എത്ര ദലിതർ ഇടതു പട്ടികയിൽ ഉണ്ട് എന്നതും പരിശോധിക്കപെടണണം. ട്രാൻസ് ജൻഡർ വിഭാഗത്തെ ഇടതുപക്ഷം പോലും പരിഗണിക്കുന്നില്ല എന്നതും നിരാശജനകമാണ്. യുവജനതക്കു കൊടുത്ത പ്രാധാന്യം സ്വാഗതർഹമാണ്. നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കിയതും പരിസ്ഥിതി വിരുദ്ധ നിലപാടുകൾ ഉള്ള/ നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാൻ അനുവദിച്ചതും ഏറ്റവും ഒടുവിൽ വന്ന പാർട്ടിക്ക് കൊടുത്ത അനർഹമായ പ്രാധാന്യവും തുടർ ഭരണം മുന്നിൽ കാണുന്ന ഇടതു പക്ഷം ഒഴിവാക്കേണ്ടിയിരുന്നു.