പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ഗീഥാ സലാം അന്തരിച്ചു

88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടകാഭിനയത്തിലേക്കു കടന്നത്.

Update: 2018-12-19 16:02 GMT

കൊല്ലം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ഓച്ചിറ മേമന സ്വദേശി ഗീഥാ സലാം(73) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടകാഭിനയത്തിലേക്കു കടന്നത്.

നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോല്‍സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങി എണ്‍പതിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകനടനായാണ് അബ്ദുസ്സലാം എന്ന ഗീഥാ സലാം അഭിനയത്തിലേക്കെത്തിയത്.

നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സജീവമായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയേറ്റേഴ്‌സ് വഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിരുന്നു. ഭാര്യ: റഹ്മാ ബീവി. മക്കള്‍: ഹഹീര്‍, ഷാന്‍. ഖബറടക്കം നാളെ രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാഅത്ത് ഖബറിസ്ഥാനില്‍. 

Tags: