തിരുവനന്തപുരത്തെ ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി
തിരുവനന്തപുരം:ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ അടിച്ചു മാറ്റിയത്. നിറയെ ഗ്യാസ് ഉണ്ടായിരുന്ന സിലിണ്ടറാണ് കള്ളന്‍ മോഷ്ടിച്ചത്.
എന്നാല്‍ പകുതി ഉപയോഗിച്ച രണ്ടു കുറ്റികള്‍ ഉണ്ടായിരുന്നത് കള്ളന്‍ എടുത്തില്ല. ചാലയിലെ വി എസ് ഹോട്ടലിലായിരുന്നു മോഷണം. മൂന്നു സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. ഇതിലെ നിറകുറ്റിയാണ് കള്ളന്‍ മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഹോട്ടലിന്റെ മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഹോട്ടലില്‍ ഇന്‍വെര്‍ട്ടര്‍ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചു.
ഇതോടെ കള്ളന്‍ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയില്‍ പതിഞ്ഞു. അടുക്കളയിലെ കാമറ കണ്ട കള്ളന്‍, കാമറ മറ്റൊരിടത്തേക്ക് തിരിച്ചുവെച്ചതിനാല്‍ അടുക്കളയിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ഹോട്ടലുടമ അര്‍ച്ചന പറഞ്ഞു. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.