വിയ്യൂര്‍ ജയിലില്‍ കഞ്ചാവും മൊബൈലും എത്തിക്കുന്നവരെ പിടികൂടാന്‍ ഇനി ഡോഗ് സ്‌ക്വാഡും
തൃശൂര്‍ പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ജയിലില്‍നിന്ന് കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
തൃശൂര്‍: തടവുകാര്‍ക്ക് പുറത്തുനിന്ന് കഞ്ചാവും മൊബൈല്‍ ഫോണും എത്തിക്കുന്നവരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡോഗ് സ്‌ക്വാഡിനെ നിയോഗിക്കുന്നു. തൃശൂര്‍ പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ജയിലില്‍നിന്ന് കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഒരു ജയിലില്‍ ആദ്യമായാണ് ഡോഗ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. പരിശീലനം സിദ്ധിച്ച ആറ് നായ്ക്കളെയാണ് ആദ്യഘട്ടമായി പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് റോഡായതിനാല്‍ മതിലിനു പുറത്തുനിന്ന് കഞ്ചാവും മദ്യക്കുപ്പികളും മൊബൈല്‍ ഫോണുമൊക്കെ എറിഞ്ഞുകൊടുക്കുന്നത് പതിവാണ്. ഈ സാധനങ്ങള്‍ പരിശോധനയിലൂടെ പിടികൂടാറുണ്ടെങ്കിലും എറിഞ്ഞുകൊടുക്കുന്ന ആളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായാണ് നായ്ക്കളെ ഇറക്കിയിരിക്കുന്നത്. പുറത്തുനിന്ന് എന്തെങ്കിലും എറിയാന്‍ ശ്രമിച്ചാല്‍ നായ്ക്കള്‍ കണ്ടെത്തും. മതിലിനോട് ചേര്‍ന്ന് സാധനങ്ങള്‍ കൊണ്ടുവച്ചാലും കുടുങ്ങും. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചാലും പിടികൂടാന്‍ കഴിവുള്ള നായ്ക്കളെയാണ് ജോലി ഏല്‍പ്പിച്ചിരിക്കുന്നത്.
