തൃശൂരില്‍ ബസ് വിറ്റ 75 ലക്ഷവുമായി ചായകുടിക്കാന്‍ കയറി; ഞൊടിയിടയില്‍ കവര്‍ച്ച നടത്തി സംഘം
തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവര്‍ച്ച. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാക്കള്‍ കടന്നു. അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ കൊലവളമ്പ് കണ്ടത്തുവച്ചപ്പില്‍ മുബാറക് (53) ആണ് വന്‍ കവര്‍ച്ചയ്ക്ക് ഇരയായത്. ബസ് വിറ്റ വകയില്‍ ലഭിച്ച പണവുമായി ബെംഗളൂരുവില്‍ നിന്ന് സ്വന്തം ബസില്‍ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്. മണ്ണുത്തി ബൈപാസ് ജംക്ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാന്‍ ദേശീയപാതയോരത്തെ സര്‍വീസ് റോഡിലെത്തി. വഴിയില്‍ മെഡിക്കല്‍ ഷോപ്പിന്റെ വരാന്തയില്‍ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയാണ് കവര്‍ച്ച നടന്നത്.
മുബാറക്ക് ശുചിമുറിയിലേക്കു കയറിയ ഉടന്‍ തൊപ്പി ധരിച്ച ഒരാള്‍ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുബാറക് ഓടിവന്നു തടയാന്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന കാറില്‍ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി. ഇവര്‍ മുബാറക്കിനെ തള്ളിയിട്ട് ഒരു വാനില്‍ കയറി മണ്ണുത്തി ഭാഗത്തേക്കു രക്ഷപ്പെട്ടു. വാന്‍ കണ്ടെത്താന്‍ ദേശീയപാതയിലടക്കം വ്യാപക തിരച്ചില്‍ തുടരുന്നതായി പോലിസ് അറിയിച്ചു.