ചൂരല്‍മല, വിലങ്ങാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍

Update: 2025-07-30 14:32 GMT

തിരുവനന്തപുരം : ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിക്ക് ആര്‍ഒആര്‍ (Record of Rights) നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. 5 ഹെക്ടര്‍ ഭൂമിക്ക് ആര്‍ഒആര്‍ (ROR) അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.

മുണ്ടക്കൈ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകള്‍ നിര്‍മിച്ച് പുനരധിവസിപ്പിക്കും. നിലവില്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും.

പുത്തുമലയില്‍ ദുരന്തത്തില്‍ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥന നടത്താനായി സ്മാരകം നിര്‍മിക്കും. സ്മാരക നിര്‍മാണത്തിനായി നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.

വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.