ഇന്നും കൂട്ടി ഇന്ധനവില; കേരളത്തിലും പെട്രോള്‍ വില ലിറ്ററിന് 100 കടന്നു

Update: 2021-06-24 05:54 GMT

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തിലും പെട്രോള്‍ വില 100 കടന്നു. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് ഒരു ലിറ്ററിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപയും ഡീസലിന് 94.79 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 98.23 രൂപയും ഡീസലിന് 93.43 രൂപയുമാണ് വില.

132 ദിവസം കൊണ്ടാണ് പെട്രോള്‍ ലിറ്ററിന് 90 രൂപയില്‍നിന്ന് നൂറിലെത്തിയത്. 22 ദിവസത്തിനുള്ളില്‍ 13ാം തവണയാണ് ഇന്ധനവില കൂട്ടിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പെട്രോള്‍ വില ഇതിനോടകം നൂറു കടന്നു. ഇന്നലെ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 99.54 രൂപയും ഡീസലിന് 94.80 രൂപയുമാണ് നേരത്തേ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്.

പെട്രോളിനും ഡീസലിനും ഏറ്റവും അധികം വാറ്റ് നികുതി പിരിക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുമുണ്ട്. രാജ്യത്ത് ആദ്യമായി പെട്രോള്‍ വില 100 കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. ഈ മാസം ഇവിടെ ഡീസലിനും 100 രൂപ പിന്നിട്ടു. ശ്രീഗംഗാനഗറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.37 രൂപയും ഡീസലിന് 101.12 രൂപയുമാണ്. മുംബൈയെ കൂടാതെ ഹൈദരാബാദിലും ബംഗളൂരിവിലും പെട്രോള്‍ വില നൂറുകടന്നു.

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.06 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 75.19 ഡോളറാണ്. രാജ്യാന്തര വിപണിയിലെ 15 ദിവസത്തെ എണ്ണ വിലയും ഡോളര്‍ രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറുമണിക്ക് എണ്ണ കമ്പനികള്‍ ചില്ലറ വില്‍പന വില പുതുക്കിനിശ്ചയിക്കുന്നത്.

Tags: