തിരുവനന്തപുരത്തെയും എറണാകുളത്തെയും വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് ഊബറില്‍ സൗജന്യ യാത്ര
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 9ന് വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളില്‍ സുഗമമായി എത്തുന്നതിനായി സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ഊബര്‍ ആപ്പിലൂടെ കാര്‍, ഓട്ടോ, അല്ലെങ്കില്‍ ബൈക്ക് എന്നീ വിഭാഗങ്ങളില്‍ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നും 2 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 2 കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത തുക നല്‍കേണ്ടി വരും. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഉള്‍പ്പെടെ എല്ലാ വോട്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, ഊബര്‍ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വോട്ടര്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.