മുക്കുപണ്ടം തട്ടിപ്പ്: പിടികിട്ടാപ്പുള്ളി ഉൾപ്പടെ പ്രധാന പ്രതികൾ അറസ്റ്റിൽ

സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

Update: 2019-05-02 07:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും  ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മുക്കുപണ്ടം നിർമ്മിച്ച് നൽകുന്ന തൃശൂർ കുറ്റൂർ ആട്ടോർ നടുക്കുടി ഹൗസിൽ മണികണ്ഠന്റെ(52) നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പിടിയിലായത്.

മലപ്പുറം കരുവാരകുണ്ട് കുന്നത്ത് ഹൗസിൽ ഇർഷാദ്(26), മലപ്പുറം കോട്ടൂർ ചുരപ്പുലാൻ ഹൗസിൽ മജീദ് (36), കിളിമാനൂർ പാപ്പാല ബിഎസ്എച്ച് മൻസിലിൽ ഹാനിസ് (37) എന്നിവരാണ്  മറ്റ് അംഗങ്ങൾ. ഇവരുടെ നേതൃത്വത്തിലുള്ള വൻ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠൻ മുക്കുപണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്നത്. ഈ സംഘവുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരെ പള്ളിക്കൽ പോലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കടയ്ക്കൽ മതിര സ്വദേശി റഹീമായിരുന്നു അതിലെ തലവൻ. ഇവരെ പോലിസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിലാണ് മണികണ്ഠനും സംഘവും അറസ്റ്റിലായത്. പള്ളിക്കൽ പോലിസ് ഇൻസ്പെക്ടർ ഡി മിഥുന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മണികണ്ഠൻ അഞ്ചു വർഷങ്ങൾക്കു മുൻപ് കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളിൽ പ്രതിയാണ് . ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ നാലു വർഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാൾ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളിൽ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകൾ നിലവിലുണ്ട്. മുക്കുപണ്ടം വാങ്ങാൻ എത്തുന്ന സ്വന്തം സംഘാംഗങ്ങൾക്ക് പോലും ഇയാളുടെ വാസസ്ഥലമോ, മുക്കുപണ്ട നിർമ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ലാ. രഹസ്യ താവളത്തിൽ താമസിച്ച് ഇയാൾ നിർബാധം മുക്കുപണ്ട നിർമ്മാണം തുടരുകയായിരുന്നു.

റഹീമും സംഘവും പോലിസ് പിടിയിലായതോടെ ഇപ്പോൾ പിടിയിലായവർ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം  നടത്തിയ വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ പിടികൂടിയത്.

Tags:    

Similar News