സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ സന്യാസിനി സഭയുടെ നടപടി ശരിവെച്ച് സീറോ മലബാര്‍ സഭാ സിനഡ്

സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയം. ''സേവ് അവര്‍ സിസ്റ്റേഴ്‌സ്' എന്ന പേരിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സന്യാസ സമൂഹങ്ങള്‍ക്ക് അപമാനകരമാണെന്ന് സന്യസ്ത മേലധികാരികളുടെ യോഗം വിലയിരുത്തിയിട്ടുള്ളതാണ്.മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ ''സേവ് അവര്‍ സിസ്റ്റേഴ്‌സി''ന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 28നു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു

Update: 2019-08-28 02:07 GMT

കൊച്ചി: സിസ്റ്റര്‍ ലൂസികളപ്പുരയെ പുറത്താക്കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ നടപടി ശരിവെച്ച് സീറോ മലബാര്‍ മെത്രാന്‍ സിനഡ്.കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് വത്തിക്കാന്റെ അംഗീകാരത്തോടെ സിസ്റ്റര്‍ ലൂസിക്കെതിരേ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് സീറോമലബാര്‍ സിനഡ് വിലയിരുത്തി. ഒരു സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയമാണെന്നും സിനഡ് വിലയിരുത്തി.''സേവ് അവര്‍ സിസ്റ്റേഴ്‌സ്' എന്ന പേരിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സന്യാസ സമൂഹങ്ങള്‍ക്ക് അപമാനകരമാണെന്ന് സന്യസ്ത മേലധികാരികളുടെ യോഗം വിലയിരുത്തിയിട്ടുള്ളതാണ്. ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ രക്ഷാകര്‍തൃത്തത്തില്‍ നടക്കുന്ന ഈ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരേ സമരത്തിനിറങ്ങുന്നവര്‍ സഭയുടെ അച്ചടക്ക നടപടി നേരിടേണ്ടിവരും. മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ ''സേവ് അവര്‍ സിസ്റ്റേഴ്‌സി''ന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 28നു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വവും പങ്കാളിത്തവും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സിനഡ് ഓര്‍മ്മപ്പെടുത്തുന്നു.സന്യസ്തരുടെ സംരക്ഷകരെന്ന വ്യാജേന സഭാവിരുദ്ധ ഗ്രൂപ്പുകളും തീവ്രവാദബന്ധമുള്ള സംഘടനകളും സാമൂഹ്യവിരുദ്ധരും ഒന്നു ചേര്‍ന്ന് പുതിയ സമരമുഖം തുറക്കുന്നതിനെ നിയമപാലകര്‍ ഗൗരവമായി കാണണമെന്ന് സിനഡ് ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നതില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. ചില വിമതസ്വരങ്ങളെ മറയാക്കി നിയമാനുസൃതം ജീവിക്കുന്ന സന്യസ്തരുടെ ജീവനും ഭവനത്തിനും ഭീഷണി ഉയരുന്നത് ഏറെ അപകടകരമാണ് ഈവിഷയത്തില്‍ സര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും സിനഡ് ആവശ്യപ്പെട്ടു. 

Tags:    

Similar News