പോലിസുകാരെ ആക്രമിച്ച കേസില്‍ രണ്ട് പട്ടാളക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Update: 2019-10-01 19:14 GMT

ഇടുക്കി: തൊടുപുഴയില്‍ മദ്യ ലഹരിയില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസുകാരെ ആക്രമിച്ച കേസില്‍ രണ്ട് പട്ടാളക്കാര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളുംഎം കരസേനയിലെ അസിസ്റ്റന്റ് നഴ്‌സുമായ പുത്തന്‍പുരയില്‍ കൃഷ്ണകുമാര്‍, സാങ്കേതിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന കാരക്കുന്നേല്‍ അരുണ്‍ ഷാജി, സഹോദരന്‍ അമല്‍ ഷാജി, തൊട്ടിപ്പറമ്പില്‍ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തൊടുപുഴ ടൗണില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ടൗണിലെ ബാറിന് മുന്നില്‍ നാലുപേര്‍ തമ്മില്‍ സംഘട്ടനം നടക്കുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐ എം പി സാഗറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘത്തെയാണ് ആക്രമിച്ചത്. സംഘട്ടനത്തിലേര്‍പ്പെട്ടവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്‌ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ എം പി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതികള്‍ക്കെതിരേ പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Tags:    

Similar News