കിറ്റെക്‌സിലെ നിയമലംഘനങ്ങള്‍ പരിശോധിക്കണം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നല്‍കിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്‌സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്.
തിരുവനന്തപുരം: കിറ്റെക്‌സില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്ത്. എറണാകുളം ജില്ലയിലെ നാല് എംഎൽഎമാരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എംഎല്‍എ പി ടി തോമസ്, എറണാകുളം എംഎല്‍എ ടി ജെ വിനോദ്, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ആറു നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചത്.
ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നല്‍കിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്‌സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്. നാളിതുവരെയും അത് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവര്‍ തന്നെ ഉറപ്പ് നല്‍കിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് കത്തിൽ പറഞ്ഞു.
പ്രതിദിന മലിനജല ഉല്‍പ്പാദനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കുന്നില്ല. ജല ഉപഭോഗം, മലിനജല ഉല്‍പ്പാദനം ഇവ കൃത്യമായി അറിയുവാനുള്ള വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചില്ല. ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ TOD ടൈപ്പിലുള്ള എനര്‍ജി മീറ്റര്‍ സ്ഥാപിച്ചില്ല. കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായ ഇടപെടല്‍ ഉണ്ടായിട്ടുപോലും കടമ്പ്രയാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് വേഗത പോരാ. മറ്റ് 20 നദീ പുനരുജ്ജീവന കര്‍മ്മ പദ്ധതിയോടൊപ്പം ഒരു കര്‍മ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടമ്പ്രയാറിനും നല്‍കുന്നുള്ളൂ. കടമ്പ്രയാര്‍ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
