മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍

Update: 2019-11-06 17:50 GMT

കണ്ണൂര്‍: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന നാലംഗ സംഘത്തെ പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ച പയ്യന്നൂര്‍ സര്‍വീസ് കോ-ഓപറേറ്റിവ് ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാനെത്തിയ നീലേശ്വരം സ്വദേശി രാജനും പാടിച്ചാല്‍ സ്വദേശി ബൈജുവിനെയും സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പയ്യന്നൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ കൈയില്‍ നിന്നു 25 പവനോളം സ്വര്‍ണം പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഘത്തിലുള്ള മറ്റു രണ്ടുപേരെ കുറിച്ചു വിവരം ലഭിക്കുകയും തുടര്‍ന്ന് കരുനാഗപ്പള്ളി സ്വദേശി ഷാജഹാന്‍, പഴയങ്ങാടി സ്വദേശി മന്‍സൂര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുതുതായി തുടങ്ങുന്ന സഹകരണ ബാങ്കുകളില്‍ സ്ഥിരമായി മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന വന്‍ റാക്കറ്റിലെ അംഗങ്ങളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശിയായ ഷാജഹാനാണ് മുക്കുപണ്ടം ഉണ്ടാക്കി കണ്ണൂരിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസം സംഘം പാടിച്ചാലിലുള്ള മര്‍ച്ചന്റ്‌സ് കോ-ഓപറേറ്റിവ് ബാങ്കില്‍ നാലുലക്ഷം രൂപയുടെ മുക്കുപണ്ടം പണയംവച്ചിരുന്നു. കഴിഞ്ഞ മാസം നീലേശ്വരത്ത് അഗ്രികള്‍ച്ചറല്‍ ബാങ്കിലും മറ്റൊരു മുക്കുപണ്ടം പണയംവച്ചിട്ടുണ്ട്. സഹകരണ ബാങ്ക്, മര്‍ച്ചന്റ്‌സ് ബാങ്ക്, അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിരവധി തട്ടിപ്പുകള്‍ സംഘം നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കൈയ്യില്‍നിന്നു ഒന്നരലക്ഷം രൂപയോളം കണ്ടെടുത്തതായും പോലിസ് പറഞ്ഞു.




Tags: