സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമം തടയല്‍: കത്തോലിക്ക സഭയിലും ട്രൈബൂണല്‍ സ്ഥാപിക്കണമെന്ന് കന്യാസ്ത്രീകളുടെയും വൈദികരുടെയും സംഘടന

കമ്മീഷന് റിട്ട.ജുഡീഷ്യല്‍ ഓഫിസര്‍ നേതൃത്വം നല്‍കണം. ലൈംഗീകാതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രികള്‍ക്ക് ഈ സമിതി മുമ്പാകെ സ്വതന്ത്രമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയണമെന്നും ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്. സമീപ കാലത്തുണ്ടായ സംഭവങ്ങളില്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സിനഡില്‍ സ്വയം മനസിലാക്കിയിള്ള നിലപാടുകള്‍ ഉണ്ടായില്ലെന്നത് സങ്കടകരം

Update: 2019-02-04 08:12 GMT

കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നിര്‍ദേശിക്കുന്നതു പോല സിബിസിഐയുടെ നിര്‍ദേശങ്ങളോടെ കത്തോലിക്ക സഭയിലും സ്വതന്ത്രമായ ട്രൈബൂണല്‍ സ്ഥാപിക്കണമെന്ന് ദേശീയ തലത്തില്‍ സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്യസ്തരുടെയും സംഘടനയായ ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്. ഇത്തരത്തിലുള്ള ഈ കമ്മീഷന് റിട്ട.ജുഡീഷ്യല്‍ ഓഫിസര്‍ നേതൃത്വം നല്‍കണം. സമിതിയില്‍ വനിതകളും പുരുഷന്മാരും ഉണ്ടായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ലൈംഗീകാതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രികള്‍ക്ക് ഈ സമതി മുമ്പാകെ സ്വതന്ത്രമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയണമെന്നും ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ആവശ്യപ്പെട്ടു.സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി. അടുത്തിടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ ഇടയ ലേഖനത്തെയും ഇവര്‍ വിമര്‍ശിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആശങ്കയുണ്ടെന്ന് ഫോറം വിശദമാക്കി.ദേവാലയങ്ങള്‍ ക്രിസ്തുവിന്റെ ശരീരമാണ്.അവിടെ വിശ്വാസികള്‍ക്കിടയിലും പ്രത്യേകിച്ച് നേതൃത്വത്തിനിടയിലും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉണ്ടാവണം. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മാതൃകാപരമായ ജീവിതത്തിലൂടെ ഇത് കാണിച്ചു തരുന്നുണ്ട് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സമീപ കാലത്തുണ്ടായ സംഭവങ്ങളില്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സിനഡില്‍ സ്വയം മനസിലാക്കിയുള്ള നിലപാടുകള്‍ ഉണ്ടായില്ലെന്നത് സങ്കടകരമാണ്.ഇത്തരം മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് സിനഡിന്റെ സമീപനത്തില്‍ നിന്നും വ്യക്തമായതെന്നും ഇവര്‍ വിമര്‍ശിക്കുന്നു.എറണാകൂളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കച്ചവടവും കന്യാസ്ത്രീയെ ബിഷപ് ബലാല്‍സംഗം ചെയ്ത സംഭവവും സമീപകാലത്തുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ക്കെതിരെ സിനഡിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍. നടപ്പാക്കാന്‍ കഴിയാത്തതും പിന്തിരിപ്പനുമായ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭ എന്നു പറയുന്നത് എതെങ്കിലും ഒരു ക്യാപ്റ്റന്റെ നിര്‍ദേശാനുസരണം ചലിക്കുന്ന സേന സംഘമല്ല.മറിച്ച് പരിശൂദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ക്രൈസ്തവ സമൂഹമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. വൈദികരും സന്യസ്തരും അടക്കം 78 അംഗങ്ങള്‍ സംയുക്തമായിട്ടാണ് വാര്‍ത്താ കുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന്ത്. 

Tags: