മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് ആലപ്പുഴയില്‍
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ എംപി, മഹാരാഷ്ട്രയില്‍നിന്നുള്ള എന്‍സിപി മന്ത്രിമാര്‍, കുവൈത്തില്‍നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും.
ആലപ്പുഴ: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് ആലപ്പുഴയില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് ചേന്നങ്കരി സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ എംപി, മഹാരാഷ്ട്രയില്‍നിന്നുള്ള എന്‍സിപി മന്ത്രിമാര്‍, കുവൈത്തില്‍നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. തിങ്കളാഴ്ചയാണ് കൊച്ചിയില്‍നിന്ന് തോമസ് ചാണ്ടിയുടെ മൃതദേഹം ജന്‍മനാടായ ആലപ്പുഴയിലെത്തിച്ചത്.
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍നിന്ന് തോമസ് ചാണ്ടിയുടെ ഭൗതികശരീരം എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയശേഷം വൈകീട്ട് വരെ ആലപ്പുഴടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് കുട്ടനാട് ചേന്നങ്കരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്കു 12 വരെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. തുടര്‍ന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷക നടക്കും. സംസ്‌കാരത്തിനുശേഷം വൈകീട്ട് 3ന് പള്ളിയില്‍ അനുശോചനയോഗം നടക്കും.
അര്‍ബുദബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്. പിണറായി മന്ത്രിസഭയില്‍ ഏഴുമാസക്കാലം ഗതാഗതമന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികില്‍സ തേടിയിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
