ആലുവയിലെ മുന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെല്‍ന നിഷാദ് അന്തരിച്ചു

Update: 2023-11-19 13:39 GMT
കൊച്ചി: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തില്‍നിന്ന് മത്സരിച്ച ഇടതു സ്ഥാനാര്‍ഥി ഷെല്‍ന നിഷാദ് (36) അന്തരിച്ചു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന ഷെല്‍ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.തൃശൂര്‍ ചമ്മന്നൂര്‍ സ്വദേശി എം.വി.ഹുസൈന്റെ മകളാണ്. ആലുവയില്‍ 1980 മുതല്‍ ആറു തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭര്‍ത്താവ്. കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്തിനോട് മത്സരിച്ച് 2021ലെ തിരഞ്ഞെടുപ്പില്‍ ഷെല്‍ന പരാജയപ്പെട്ടു.

കൊച്ചി മെട്രോ സ്റ്റേഷനുകള്‍ രൂപകല്‍പന ചെയ്ത ടീമില്‍ അംഗമായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലായിരുന്നു പഠനം. കോളജ് തലത്തില്‍ വിവിധ കലാ മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സംഘാടകയായിരുന്നു.


Tags: