മുന്‍ ജില്ലാ ജഡ്ജിയും നിയമസെക്രട്ടറിയുമായിരുന്ന സി ഖാലിദ് അന്തരിച്ചു

Update: 2021-01-31 13:27 GMT

കോഴിക്കോട്: മുന്‍ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായിരുന്ന സി ഖാലിദ് (83) അന്തരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ ഇദ്ദേഹം നിലവില്‍ കോഴിക്കോട് താമസിച്ചുവരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. വൃക്കരോഗത്തിനും ചികില്‍സയിലായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ സമകാലികനായിരുന്ന ഇരിക്കൂര്‍ കെ വി പോക്കര്‍ സാഹിബിന്റെയും സി ഫാത്തിമയുടെയും മകനാണ്.

ഇരിക്കൂര്‍ കമാലിയ്യ എല്‍പി സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ഖാലിദ്, സുപ്രിംകോടതി ജഡ്ജി യായിരുന്ന വി.ഖാലിദിന്റെ ജൂണിയര്‍ ആയി തലശേരിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1984 ല്‍ ജില്ലാ ജഡ്ജിമാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാലിദ് മഞ്ചേരി, കോട്ടയം, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. നിലവില്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.

തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ മുസ്‌ലിം ലീഗിന് വേണ്ടിയും സി കെ പി ചെറിയ മമ്മൂക്കേയിക്ക് വേണ്ടിയും ഹാജരായി. രജനി എസ് ആനന്ദ് കമ്മീഷന്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് കമ്മീഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ വിമോചനസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം എജ്യൂക്കേഷന്‍ അസോസിയേഷന്‍, തലശ്ശേരി ദാറുസ്സലാം യത്തീംഖാന എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ അടക്കപ്പെട്ട സന്ദര്‍ഭത്തില്‍ ചില നിര്‍ണായക കേസുകളില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായിട്ടുണ്ട്.

മഅ്ദനിയുടെ അന്യായ ജയില്‍വാസം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്ന കേരളഹൈക്കോടതിയുടെ സുപ്രധാന വിധി ലഭിച്ചത് അഡ്വ. സി ഖാലിദ് ഹാജരയപ്പോഴാണ്. ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഘട്ടത്തില്‍ അദ്ദേഹത്തിന് വേണ്ടി നിയമസഹായം ലഭ്യമാക്കാനും അദ്ദേഹം സന്നദ്ധനായിട്ടുണ്ട.് ശാരിരിക അവശതകള്‍ക്കിടയിലും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പലപ്പോഴും യാത്രകള്‍ ചെയ്തിട്ടുണ്ട്. അബദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരേര ജനശ്രദ്ധയുണര്‍ത്തുന്നതിന് വേണ്ടി പ്രമുഖ പത്രങ്ങളിലുള്‍പ്പടെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

കേരളത്തിലെ തന്നെ വലിയ വര്‍ഗീയകലാപങ്ങളിലൊന്നായ തലശ്ശേരി കലാപവേളയില്‍ മുസ്‌ലിം പള്ളികള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സുഹൃത്തായ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായിരിന്ന അഡ്വ.എം കെ ദാമോദരനൊപ്പം ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ദിവസങ്ങളോളം രാത്രികാലങ്ങളില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ കാവലിരുന്ന കാര്യം അദ്ദേഹം പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. തലശ്ശേരിയിലെ പ്രമുഖ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം സാമ്പ്രദായിക രാഷ്ട്രീയ കക്ഷികള്‍ക്കിടയിലെ മൂല്യച്യുതികള്‍ക്കെതിരേ തൂലിക ചലിപ്പിച്ച പ്രതിഭാധനന്‍ കൂടിയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി കോഴിക്കോട് കണ്ണംപള്ളിയില്‍. ഭാര്യ: കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ആസ്യ. കമാല്‍ കുട്ടി, മുനീര്‍, കദീജ എന്നിവര്‍ സഹോദരങ്ങളാണ്.

Tags: