ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻഡിജിപി ടി പി സെൻകുമാർ

എന്റെ പോലിസ് ജീവിതം' എന്നപേരിലുള്ള തന്റെ സർവീസ് സ്റ്റോറിയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

Update: 2019-04-19 06:49 GMT

തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് തലപ്പത്തെ ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ടി പി സെൻകുമാർ. 'എന്റെ പോലിസ് ജീവിതം' എന്നപേരിലുള്ള തന്റെ സർവീസ് സ്റ്റോറിയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്. ഈ കൊലപാതകം സിപിഎം സ്പോണ്‍സേർഡാണെന്ന് ഐപിഎസ് റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥ തന്നോട് മൂന്നുതവണ വെളിപ്പെടുത്തി. പിന്നീട് കേസ് ഈ ഉദ്യോഗസ്ഥ തന്നെ ഏറ്റെടുത്തപ്പോൾ പരാമർശത്തെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെൻകുമാർ പറയുന്നു.

ഡിജിപി സ്ഥാനത്തുനിന്നും തന്നെ പുറത്താക്കാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. താൻ വീണ്ടും ഡിജിപി ആവാതിരിക്കാൻ നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ ഡൽഹിയിൽ സ്വാധീനം ചെലുത്തിയെന്നും ആരോപണമുണ്ട്.  ഡിജിപി ജേക്കബ് തോമസിന്‍റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണ്. വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ ബാർ കോഴകേസിൽ കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിച്ചു. ഋഷിരാജ് സിങ് പബ്ളിസിറ്റിയുടെ ആളാണെന്നും പുസ്തകത്തിൽ പറയുന്നു.

എംജി കോളജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ താൻ പോലിസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാറിന് പരാതി കൊടുക്കാൻ മുൻ ഡിജിപി രമൺ ശ്രീവാസ്തവ ഇടപെട്ടു. ഐഎസ്ആർഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമൺ ശ്രീവാസ്തവ തനിക്കെതിരെ പ്രവർത്തിച്ചത്. ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്നും എല്ലാക്കാലത്തും അദ്ദേഹത്തിന് സത്യം മൂടിവെക്കാനാകില്ലെന്നും സെൻകുമാർ പറയുന്നു.

Tags: