കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമിയില്‍ കാടിന് തീപിടിച്ചു; നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു

Update: 2026-01-29 11:58 GMT

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടില്‍ വന്‍ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി ഒഴിഞ്ഞുകിടന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. മണിക്കൂറുകളായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം, ചാക്ക ഫയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍നിന്നും യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഗെയിംസ് വില്ലേജിന്റെ ഭാഗമായ താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇതിനാണ് തീപ്പിടിച്ചത്. ആരോ മനഃപൂര്‍വം തീയിട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്.

ഈ പുരയിടത്തിനോട് ചേര്‍ന്നാണ് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് ഫില്ലിങ് സെന്ററും വനിതാ ബെറ്റാലിയനും സ്ഥിതിചെയ്യുന്നത്. മേനെകുളം പ്രദേശത്ത് മുഴുവന്‍ പുകകൊണ്ട് മൂടിയ അവസ്ഥയിലാണ്. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് വിവരം.

തീ ഒരു പരിധിവരെയേ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകലെ ഇങ്ങോട്ട് അയയ്ക്കണം എന്ന് കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.




Tags: