ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്, ചെങ്കുത്തായ പ്രദേശം വെല്ലുവിളി

Update: 2026-04-05 09:04 GMT

കര്‍ണാടക: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലിസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാണ്. ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസ്സിംഗ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരളവും കര്‍ണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാല്‍ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തെരച്ചില്‍ സംഘം പറയുന്നത്. മൂന്നരകിലോമീറ്റര്‍ ദൂരത്തോളമാണ് ട്രക്കിങ്ങ്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാല്‍ ശരണ്യയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ ശരണ്യയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലമായതും തിരച്ചിലിന് വെല്ലുവിളിയാണ്.

ശരണ്യയെ രണ്ടാം തിയ്യതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ ജി.എസ് (36) തനിച്ചാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.

ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ്ങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തെരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പൊലീസ് സ്റ്റേഷനില്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.