വര്‍ക്കലയില്‍ 'ആന്റി കൊറോണ ജ്യൂസ്' വില്‍പ്പനയുമായി വിദേശി; താക്കീത് നല്‍കി പോലിസ്

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നല്‍കി 150 രൂപ നിരക്കും എഴുതിച്ചേര്‍ത്തു.

Update: 2020-03-18 12:19 GMT

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്നതിനിടെ വര്‍ക്കലയില്‍ 'ആന്റി കൊറോണ ജ്യൂസ്' വില്‍പ്പന നടത്തിയ വിദേശിക്ക് താക്കീത്. വര്‍ക്കല പാപനാശം ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ച ഉടമയായ വിദേശിയെയാണ് വര്‍ക്കല പോലിസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചത്. ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായ 60കാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നല്‍കി 150 രൂപ നിരക്കും എഴുതിച്ചേര്‍ത്തു.

പാപനാശത്ത് ഇറ്റലിക്കാരനു കൊറോണ സ്ഥിരീകരിച്ചതിന്റെ അടുത്ത ദിവസമാണ് ജനങ്ങളെ കബളിപ്പിക്കുന്ന നിലയില്‍ ബോര്‍ഡ് സ്ഥാപിച്ചത്. തെറ്റിദ്ധാരണ പരത്തുന്നതുമായ ബോര്‍ഡ് കണ്ട നാട്ടുകാര്‍ ഇക്കാര്യം പോലിസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥാപനം നടത്തുന്ന വിദേശിയെ പോലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ആരോഗ്യസംരക്ഷണത്തിനുള്ള ജ്യൂസാണ് തയ്യാറാക്കിയതെന്ന് ഇയാള്‍ പോലിസിനോടു പറഞ്ഞു. എന്നാല്‍, ആരും ജ്യൂസ് വാങ്ങാനെത്തിയില്ലെന്നും ബോര്‍ഡ് ഉടനെ മാറ്റിയെന്നും ഉടമ പറഞ്ഞു. ഇതെത്തുടര്‍ന്ന് ഇനി ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീത് നല്‍കി പോലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാളുടെ കടയിലെ ബോര്‍ഡും നീക്കംചെയ്തിട്ടുണ്ട്.

Tags:    

Similar News