റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സൗജന്യറേഷന്‍ ജൂലൈ 31 വരെ

ജില്ലയില്‍ താമസിക്കുന്ന കാര്‍ഡ് ഇല്ലാത്തവര്‍, അതിഥി തൊഴിലാളികള്‍, വൃദ്ധമന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍, സ്ഥിരതാമസ സൗകര്യമില്ലാത്ത നിരാശ്രയര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Update: 2020-07-15 11:30 GMT

കോട്ടയം: ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സ്ഥാപനങ്ങളിലെ റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍ക്കും ദുര്‍ബലവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ജൂണ്‍, ജൂലൈ മാസങ്ങളിലെ വിഹിതമായ ഭക്ഷ്യധാന്യങ്ങള്‍ ജൂലൈ 31 വരെ സൗജന്യമായി വിതരണംചെയ്യും. ജില്ലയില്‍ താമസിക്കുന്ന കാര്‍ഡ് ഇല്ലാത്തവര്‍, അതിഥി തൊഴിലാളികള്‍, വൃദ്ധമന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍, സ്ഥിരതാമസ സൗകര്യമില്ലാത്ത നിരാശ്രയര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഒരുമാസം ഒരാള്‍ക്ക് അഞ്ചുകിലോഗ്രാം അരിയും ഒരുകിലോഗ്രാം കടലയും എന്ന നിരക്കില്‍ രണ്ടുമാസത്തേക്ക് പത്തുകിലോഗ്രാം അരിയും രണ്ടു കിലോഗ്രാം കടലയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരമാണ് നല്‍കുന്നത്. ഈ പദ്ധതിയില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യവിഹിതം കൈപ്പറ്റാത്തവര്‍ക്ക് മാത്രമാണ് ലഭിക്കുക. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരോ വ്യക്തികള്‍ നേരിട്ടോ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയോ വിവരങ്ങള്‍ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കണം. ഗ്രാമപ്പഞ്ചായത്തുകളുടെയും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെയും മേല്‍നോട്ടത്തില്‍ ഭക്ഷ്യധാന്യവിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. 

Tags:    

Similar News