വെള്ളപ്പൊക്കം നേരിടാന്‍ നെടുമ്പാശേരി വിമാനത്താവളമേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനം

ചെങ്ങല്‍തോട് ഉള്‍പ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ചാലുകളുമാണ് സിയാല്‍ ശുചിയാക്കുന്നത്

Update: 2020-08-06 10:34 GMT
നെടുമ്പാശേരി വിമാനത്താവള മേഖലയിലെ തോടുകളിലെ ശുചീകരണ പ്രവര്‍ത്തനം സ്ലിറ്റ് പുഷര്‍ ഉപയോഗിച്ച് നിര്‍വഹിക്കുന്നു

കൊച്ചി: വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുമ്പാശേരി വിമാനത്താവള മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയായി. ചെങ്ങല്‍തോട് ഉള്‍പ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ചാലുകളുമാണ് സിയാല്‍ ശുചിയാക്കുന്നത്.കുഴിപ്പള്ളം മുതല്‍ പറമ്പയം- പാനായിക്കടവ് വരെയുള്ള 13 കിലോമീറ്റര്‍ ദൂരം മുന്‍വര്‍ഷത്തില്‍ 24.68 ലക്ഷം രൂപ ചെലവിട്ട് വൃത്തിയാക്കി. ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 29 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ട്. രണ്ടാംഘട്ട ശുചീകരണം കഴിഞ്ഞദിവസം പൂര്‍ത്തിയായി.

കപ്രശേരി മേഖലയിലുള്ളവരുടെ ദീര്‍ഘകാല ആവശ്യമായ കൈതക്കാട്ടുചിറ തോടിന്റെ മൂന്നുകിലോമീറ്ററോളം ഭാഗം വൃത്തിയാക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി. ഇതിനായി 7.89 ലക്ഷം രൂപ സിയാല്‍ ചെലവിട്ടു. കൈതക്കാട്ടുചിറ, ചെങ്ങല്‍തോടിന്റെ ചെത്തിക്കോട് മുതല്‍ എ പി വര്‍ക്കി റോഡ് വരെയുള്ള ഭാഗം, ചെങ്ങല്‍തോടിന്റെ കുഴിപ്പള്ളം ഭാഗം എന്നിവിടങ്ങളിലെകളയും പാഴ് വസ്തുക്കളും മാറ്റുന്ന പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്.വിമാനത്താവളമേഖലയിലും സമീപ ഗ്രാമങ്ങളിലും വെള്ളക്കെട്ടുണ്ടാകാതെ നോക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 2019-ലേതുപോലെ തീവ്രമായ മഴയുണ്ടായാലും വെള്ളം വളരെ വേഗത്തില്‍ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ഒലിച്ചുപോകുന്ന തരത്തിലാണ് നിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് സിയാല്‍ വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നെടുമ്പാശേരി വിമാനത്താവള മേഖലയിലെ തോടുകളിലെ ശുചീകരണ പ്രവര്‍ത്തനം സിയാല്‍, സ്ലിറ്റ് പുഷര്‍ ഉപയോഗിച്ച് നിര്‍വഹിക്കുന്നു. 

Tags: