പുനര്‍നിര്‍മ്മാണം: റെഡ് ക്രോസിന് ഇരട്ടത്താപ്പ്; ഫണ്ട് ഉപയോഗിച്ചത് വിവേചനപരമായെന്ന് ആരോപണം

പ്രളയത്തിന്റെ കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ അവശ്യവസ്തുക്കളുടെ വിതരണ പദ്ധതിയുള്‍പ്പെടെയുള്ള പദ്ധതികളില്‍ ഒന്നില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇതിനോടകം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍നിന്നും വ്യക്തമാകുന്നത്.

Update: 2019-09-23 06:14 GMT

തിരുവനന്തപുരം: കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് റെഡ് ക്രസന്റ് നല്‍കിയ പണം റെഡ് ക്രോസ് ഉപയോഗിച്ചത് വിവേചനപരമായി. കോഴിക്കോട് അടക്കമുള്ള മലബാര്‍ മേഖലയെയാണ് റെഡ് ക്രോസ് അവഗണിച്ചത്. പ്രളയം സര്‍വ്വനാശം വിതച്ച മലബാര്‍ മേഖല, പുനന്‍ നിര്‍മ്മാണത്തിന് സജീവമായി നിലകൊള്ളുന്ന റെഡ് ക്രോസ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ അംഗീകൃത പദ്ധതികളില്‍ നിന്നും തഴയപ്പെട്ടു.

പ്രളയത്തിന്റെ കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ അവശ്യവസ്തുക്കളുടെ വിതരണ പദ്ധതിയുള്‍പ്പെടെയുള്ള പദ്ധതികളില്‍ ഒന്നില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇതിനോടകം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍നിന്നും വ്യക്തമാകുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് റെഡ് ക്രോസ് നടത്താനുദ്ദേശിക്കുന്ന 250 വീടുകളുടെ പുനര്‍ നിര്‍മ്മാണ പദ്ധതിയിലും മലബാര്‍ ജില്ലകളില്‍ നിന്നുള്ള പ്രദേശങ്ങളും അര്‍ഹരായ വ്യക്തികളും ഉള്‍പ്പെട്ടിട്ടില്ല. 60,00000 കോടി രൂപയുടെ പദ്ധതിയാണിത്.

അന്താരാഷ്ട്ര റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് കഴിഞ്ഞ വര്‍ഷം എറണാകുളത്തും ആലുവയിലുമായിരുന്നു ആവശ്യ വസ്തുക്കളുടെ വിതരണ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഈ വര്‍ഷത്തെ പദ്ധതി പ്രദേശമായി റെഡ് ക്രോസ് സൊസൈറ്റിയുടെ കേരള ഘടകം ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തിയാണ് കരട് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ അനുഭവിച്ച പ്രദേശങ്ങള്‍ എന്ന നിലക്കാണ് റെഡ് ക്രോസ് കേരള ഘടകം തെക്കന്‍ ജില്ലകളെ മാത്രം ഉള്‍പ്പെടുത്തി പദ്ധതിരേഖ സമര്‍പ്പിച്ചിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം മലബാര്‍ ജില്ലകളായ വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആള്‍നഷ്ടവും സാമ്പത്തിക നഷ്ടവും കണക്കാക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത നിലനില്‍ക്കെയാണ് സന്നദ്ധ സംഘടനകളുടെ ഈ ഇരട്ടത്താപ്പ്. പുനര്‍നിര്‍മ്മാണ പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന സഹായ ധനത്തിന്റെ ഗണ്യമായ ഒരുഭാഗം ഇത്തരം സന്നദ്ധ സംഘടനകളുടെ ആഭ്യന്തര ഘടനാ വികസനത്തിന് മാറ്റിവെക്കുന്നു എന്നതും ആശങ്കയുളവാക്കുന്നതാണ്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായധനങ്ങള്‍ കൂടുതല്‍ അവശ്യജനങ്ങളിലേക്ക് എത്തിക്കുന്നതിന് പകരം സംഘടനാ ശാക്തീകരണോപാധിയാക്കാനുള്ള നീക്കങ്ങളും സംശയത്തിനിടയാക്കുന്നുണ്ട്.

Tags:    

Similar News