കലയുടെ കൈത്താങ്ങുമായി നവകേരളം മെഗാഷോ വരുന്നു

Update: 2019-01-14 15:48 GMT

തിരുവനന്തപുരം: പ്രളയനാന്തര കേരളത്തില്‍ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ കലാസാംസ്‌കാരിക കൂട്ടായ്മ ഒരുങ്ങി. ഹാസ്യ, ഗാന, നൃത്ത, ചലച്ചിത്ര രംഗങ്ങളിലെ ശ്രദ്ധേയരാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, സല്യൂട്ട് കേരളയുടെ സഹകരണത്തോടെ ഒരുക്കുന്ന നവകേരളം ചിരികേരളം എന്ന മെഗാഷോയില്‍ അണിനിരക്കുന്നത്.

കേരളത്തിലെ കലാസംഘങ്ങള്‍ക്ക് പ്രളയാനന്തരം വേദികള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ജനകീയ മെഗാഷോ എന്ന ആശയവുമായി മുന്നോട്ടുവരുന്നത്. ഇതിനൊപ്പം ഓരോവേദിയില്‍ നിന്നും ചുരുങ്ങിയത് ഒരു ലക്ഷം രൂപ മെഗാഷോയ്ക്ക് മുന്നോടിയായുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചിരിയിലൂടെ ചിന്തിപ്പിക്കുന്ന ഈ ജനകീയ മെഗാ ഷോയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്.

കേരളത്തിലെ നൂറ് വേദികളിലായി നവകേരളം ചിരികേരളം 19 മുതല്‍ അരങ്ങേറും. ഇതിനായി കവി പ്രഭാവര്‍മ്മ രചിച്ച ശീര്‍ഷക ഗാനത്തിന്റെ ദൃശ്യ പ്രകാശനം ഇന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നടന്‍ ഇന്ദ്രന്‍സിനു നല്‍കി പ്രകാശനം ചെയ്തു. 19ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി എ കെ ബാലന്‍ നവകേരളം ചിരികേരളനത്തിന്റെ പ്രഥമ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിക്കും.


Tags: