പ്രളയ നഷ്ടപരിഹാരം: വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന പേരില്‍ നിരസിച്ച അപ്പീലുകള്‍ സ്വീകരിക്കണമെന്ന് സ്ഥിരം ലോക് അദാലത്തിന് ഹൈക്കോടതി നിര്‍ദേശം

അപ്പീലുകള്‍ സ്വീകരിക്കാത്തതിനെതിരെ കെ ടി റോക്കി ഉള്‍പ്പെടെ എറണാകുളം കോതാട് സ്വദേശികളായ പത്ത് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.2018 ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായിട്ടും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയത്

Update: 2020-10-22 14:28 GMT

കൊച്ചി: റീ ബില്‍ഡ് കേരള വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന പേരില്‍ നിരസിച്ച പ്രളയ നഷ്ടപരിഹാരത്തിനുള്ള അപ്പീലുകള്‍ സ്വീകരിക്കണമെന്നു സ്ഥിരം ലോക് അദാലത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. അപ്പീലുകള്‍ സ്വീകരിക്കാത്തതിനെതിരെ കെ ടി റോക്കി ഉള്‍പ്പെടെ എറണാകുളം കോതാട് സ്വദേശികളായ പത്ത് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.2018 ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായിട്ടും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാര്‍ സ്ഥിരം ലോക് അദാലത്തില്‍ അപ്പീല്‍ നല്‍കിയത്.

വന്‍തോതില്‍ നഷ്ടമുണ്ടായിട്ടും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്‍കിയ 10,000 രൂപ മാത്രമാണ് ഹരജിക്കാര്‍ക്ക് ലഭിച്ചത്. കൂടുതല്‍ തുക നഷ്ട പരിഹാരം ലഭിക്കാന്‍ പഞ്ചായത്ത് വഴി എറണാകുളം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും പ്രളയ നഷ്ടങ്ങളുടെ വസ്തുതാ വിവരങ്ങള്‍ ഉള്‍പ്പെട്ട റീ ബില്‍ഡ് കേരള വെബ്സൈറ്റില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ നിരസിച്ചു. ഇതിനിടെയാണ് പ്രളയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കാന്‍ സ്ഥിരം ലോക് അദാലത്തിനോട് നിര്‍ദേശിച്ച് ഉത്തരവിട്ടത്. വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന കാരണത്താല്‍ അദാലത്തും അപ്പീല്‍ സ്വീകരിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

Tags:    

Similar News