യുവാക്കളോട് പേര് ചോദിച്ച് അഞ്ചംഗസംഘത്തിന്റെ ക്രൂരമര്‍ദനം (വീഡിയോ)
ദേശീയപാതയിലുള്ള പുതുമ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പയ്യോളി ഏരിപ്പറമ്പ് സ്വദേശികളായ കല്ലറത്ത് മുഫീദ് (19), ആഷിക്ക് (19) എന്നിവരെ കാറിലെത്തിയ അഞ്ചംഗസംഘം മര്‍ദിച്ചവശരാക്കുകയായിരുന്നു.
പയ്യോളി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദനം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ദേശീയപാതയിലുള്ള പുതുമ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പയ്യോളി ഏരിപ്പറമ്പ് സ്വദേശികളായ കല്ലറത്ത് മുഫീദ് (19), ആഷിക്ക് (19) എന്നിവരെ കാറിലെത്തിയ അഞ്ചംഗസംഘം മര്‍ദിച്ചവശരാക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച രണ്ടുപേരും പണമടയ്ക്കാന്‍ കാഷ് കൗണ്ടറിലെത്തിയ സമയം ഹോട്ടലിലുണ്ടായിരുന്ന അഞ്ചംഗസംഘം മുഫീദിനോടും ആഷിക്കിനോടും പേര് ചോദിക്കുകയും പേര് പറഞ്ഞയുടനെ ഇവര്‍ രണ്ടുപേരെയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
പ്രതികള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം തുണിക്കടയിലെ സിസിടിവിയില്‍ വ്യക്തമാണ്. ശേഷം സംഘം കെ എല്‍ 56 ക്യു 9222 നമ്പര്‍ കാറില്‍ രക്ഷപ്പെട്ടു. പയ്യോളി പോലിസ് കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ ആരെയും ഇതുവരെയും അറസ്റ്റുചെയ്തിട്ടില്ല.