സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു; തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത
സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവുമാണ് അന്വേഷിക്കുക.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. അതേസമയം, തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത ഉയരുന്നുണ്ട്. പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും.
സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് അന്വേഷിക്കുക. സ്പെഷ്യൽ സെൽ എസ്പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. തീപ്പിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്തുന്നുണ്ട്.
അതേസമയം, ഒരു സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയാണിപ്പോൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. തീപ്പിടിത്തമുണ്ടായ ഉടൻ തീയണയ്ക്കാൻ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാൻ പുറത്തുനിന്ന് ഫയർഫോഴ്സിനെ വിളിച്ചതെന്ന് വിശദീകരണം.
സെക്രട്ടേറിയറ്റിനുള്ളിൽ ഫയർ ഡിറ്റക്റ്ററുകൾ സ്ഥാപിക്കാത്തതും ഫയർഫോഴ്സ് വാഹനം ക്യാമ്പ് ചെയ്യാൻ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സെക്രട്ടേറിയറ്റിൽ ഒരു മാസം കൂടുമ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറണമെന്ന നിർദേശവും അട്ടിമറിക്കപ്പെട്ടു. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വർഷമായി സെക്രട്ടേറിയറ്റ് ഫയർഫോഴ്സ് യൂണിറ്റിൽ തുടരുന്നത്.
അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് വിഷയത്തിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തീപ്പിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്. എ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. അതേസമയം വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയാവും.
