സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം: സംഭവത്തിൽ ഇടപെട്ട് ഗവർണർ; ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

സെക്രട്ടേറിയറ്റിലെ പേപ്പര്‍ ഫയലുകള്‍ എല്ലാം ഇ–ഫയല്‍ ആക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ നി‍ര്‍ദേശം. എല്ലാം ഇ–ഫയല്‍ ആണെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ വാദം.

Update: 2020-08-27 11:45 GMT

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സംഭവത്തിൽ ഇടപെട്ട് ഗവർണർ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. അതിനിടെ, സെക്രട്ടേറിയറ്റിലെ പേപ്പര്‍ ഫയലുകള്‍ എല്ലാം ഇ–ഫയല്‍ ആക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ നി‍ര്‍ദേശം. എല്ലാം ഇ–ഫയല്‍ ആണെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ വാദം. പേപ്പർ ഫയലുകൾ സെക്രട്ടേറിയേറ്റിൽ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ച് വരുത്തണമെന്നും പ്രശ്നത്തിലിടപെടണമെന്നും രമേശ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന ദിവസം തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ ഗവര്‍ണര്‍ കൃത്യമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കത്താണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പോലിസ് സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപ്പിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഫയല്‍ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന സർക്കാർ വാദം തെറ്റെന്ന് തെളിഞ്ഞിരുന്നു. പ്രോട്ടോക്കോൾ ഓഫിസിലെ വിഐപി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകൾ ഇപ്പോഴും പേപ്പർ ഫയലുകൾ തന്നെയാണ്. എന്നാൽ കത്തി നശിച്ചവയിൽ നിർണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നായിരുന്നു സെക്രട്ടറിയേറ്റിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

ഭാഗികമായി കത്തി നശിച്ച ഫയലുകള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. താല്‍ക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തില്‍ സ്ഥാപിച്ചു.

തീപ്പിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ, തീപ്പിടിത്തമുണ്ടായ, പൊതുഭരണവകുപ്പിന്‍റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയൽ നീക്കവും പാടില്ലെന്നാണ് സമിതി തലവനും ദുരന്തനിവാരണസമിതി കമ്മീഷണറുമായ ഡോ. എ കൗശികൻ ആവശ്യപ്പെടുന്നത്. സ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും ഉള്ളതാണ് മറ്റ് ശുപാർശകൾ. അന്വേഷണത്തിന്‍റെ ഭാഗമായി ഈ 11 ശുപാർശകളും നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് ഡോ. എ കൗശികൻ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇങ്ങനെയാണ്: അന്വേഷണം കഴിയുന്നത് വരെ ജിഎഡി, അഥവാ പൊതുഭരണവകുപ്പിന്‍റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ല. ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഓഫീസിനകത്ത് സിസിടിവി സ്ഥാപിക്കണം. നിലവിൽ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്. 24 മണിക്കൂറും ഇവിടെ പോലിസ് ഗാർഡ് വേണമെന്നും ആവശ്യമുണ്ട്. ഓണക്കാല അവധിയായതിനാൽ ഇതിൽ ഇളവുകൾ വന്നേക്കാം. അത് പാടില്ല. കർശനസുരക്ഷ തന്നെ ഇവിടെ ഉണ്ടാകണം. തീപ്പിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ- ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. പുറത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം കൃത്യമായും സൂക്ഷിച്ചിട്ടില്ലേ എന്ന് ഉറപ്പാക്കണം. ഇ- ഫയലല്ല, കടലാസ് ഫയലാണെങ്കിൽ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പ്രതിബദ്ധതയുള്ള, വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം വേണം. ഭാഗികമായി കത്തിയിട്ടുള്ള കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസി ചോദിച്ചാൽ അത് നൽകാനാകണം എന്നിങ്ങനെയാണ് 11 ഇന ശുപാർശകൾ. 

Tags: