തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

Update: 2026-04-16 14:49 GMT

തിരൂര്‍: മലപ്പുറം ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ വന്‍ തീപ്പിടിത്തം. അഞ്ച് ആഡംബര കാറുകളും ആറ് ബൈക്കുകളും കത്തിനശിച്ചു. തിരൂരിനടുത്ത് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാര്‍ ഷെഡില്‍ തീപ്പിടിത്തമുണ്ടായത്. വീടിന് സമീപത്തെ പറമ്പില്‍ കെട്ടിയ ഷെഡാണ് അഗ്‌നിക്കിരയായത്. ഇവിടെ സൂക്ഷിച്ച കാറുകളും ബൈക്കുകളും തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

പുതുപ്പറമ്പില്‍ ഫ്രാന്‍സിസ് മരിയാ മിഖായേലിന്റെ ഉടമസ്ഥതയിലുള്ള കാറുകളാണ് അഗ്‌നിക്കിരയായത്. തിരൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്നാണ് സംശയിക്കുന്നത്.