പാലക്കാട് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം

Update: 2026-01-07 14:00 GMT

തിരുവനന്തപുരം: പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകള്‍ കുമാരി അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

പത്തനംതിട്ട ജില്ലയില്‍ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് അനുവദിക്കും.

മല്‍സ്യബന്ധനം നിരോധിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് 2025 മെയ് 18നും 31നും ഇടയില്‍ നഷ്ടപ്പെട്ട 14 തൊഴില്‍ ദിവസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. 1,72,160 മല്‍സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 48,20,48,000 രൂപ അനുവദിക്കും.

ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിള്‍, സുന്ദരപാണ്ഡ്യന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും.

ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയില്‍ നിന്ന് വായ്പ എടുത്ത 20 കര്‍ഷകര്‍ക്ക് / സംരംഭകര്‍ക്ക് മാര്‍ജിന്‍ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ല കലക്ടര്‍മാര്‍ക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

പോലിസ് വകുപ്പിലെ 20 റിസര്‍വ് സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്ത് 20 റിസര്‍വ് ഇന്‍സ്‌പെക്ടര്‍ തസ്തിക സൃഷ്ടിക്കും. ആംഡ് റിസര്‍വ് ക്യാമ്പിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഉയര്‍ന്ന തസ്തിക അനിവാര്യമായതിനാലാണ് തസ്തികള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്.

തീരദേശ പോലീസ് സ്റ്റേഷനിലെ സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്‌കര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാന്‍ഡര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോംഗാര്‍ഡ് എന്നീ തസ്തികകള്‍ക്ക് വേതനം വര്‍ധിപ്പിക്കും.മാവിലായില്‍ ഹെറിറ്റേജ് വില്ലേജ്, എ.കെ.ജി സ്മൃതിമണ്ഡപം സൗന്ദര്യവല്‍ക്കരണം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

കണ്ണൂര്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മാവിലായില്‍ ഹെറിറ്റേജ് വില്ലേജ് പദ്ധതി, എ.കെ.ജി സ്മൃതിമണ്ഡപം സൗന്ദര്യവല്‍ക്കരണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍വഹിക്കുന്നതിന് ഭരണാനുമതി നല്‍കി. പദ്ധതി നടപ്പിലാക്കുമ്പോള്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തിന് അധിക ബാധ്യത ഉണ്ടാകാത്ത വിധം, തദ്ദേശസ്വയംഭരണ വകുപ്പും പെരളശ്ശേരി ഗ്രാമ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും കൂടിയാലോചിച്ച് ഒരു റവന്യൂ മോഡലിന് രൂപം നല്‍കും.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ലെ ജീവനക്കാര്‍ക്ക് 01.07.2019 പ്രാബല്യത്തില്‍ പത്താം ശമ്പളപരിഷ്‌കരണം അനുവദിക്കും.

ദേശീയ സഫായി കര്‍മചാരി ധനകാര്യ വികസന കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന് 5 വര്‍ഷത്തേക്ക്, 400 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും.

കേരളത്തിലെ മുഴുവന്‍ സിനിമാ തീയറ്ററുകളിലും ഇ-ടിക്കറ്റിങ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് 8 വര്‍ഷത്തേക്ക് 8 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.

സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ സംഭരണ വില 01/11/2025 മുതല്‍ പ്രാബല്യത്തില്‍ കിലോഗ്രാമിന് 30 രൂപയായി ഉയര്‍ത്തിയ ഉത്തരവില്‍ ഭേദഗതി വരുത്തി. 2025-26 ഒന്നാം സീസണ്‍ ആരംഭിച്ച 20/10/2025 മുന്‍കാല പ്രാബല്യം നല്‍കിയാണ് ഭേദഗതി.

സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിയ്ക്കുന്ന ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച ഉത്തരവില്‍ ഭേദഗതി. സ്വാതന്ത്ര്യത്തിന് ശേഷവും 01/08/1971 ന് മുമ്പും കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ 15 ശതമാനം നല്‍കണം. സ്വാതന്ത്ര്യത്തിന് ശേഷവും കേരള പിറവിക്ക് മുമ്പും കൈവശം വച്ചിരുന്ന ഭൂമിക്ക് ന്യായ വിലയുടെ 25 ശതമാനം എന്നുള്ളതായിരുന്നു നിലവിലുള്ള വ്യവസ്ഥ.