ശ്രീചിത്രയിലെ ഡയറക്ടര്‍ പദവിക്കായി പോര് മുറുകുന്നു; നിലവിലെ ഡയറക്ടറുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും

അഞ്ചുവര്‍ഷമാണ് ഒരു ഡയറക്ടറുടെ കാലാവധിയെങ്കിലും പ്രവര്‍ത്തന മികവും പ്രാവീണ്യവും കണക്കിലെടുത്ത് ഗവേണിങ് ബോഡിക്ക് ഡയറക്ടറെ തുടരാന്‍ അനുവദിക്കാം. ഇതാണ് മുൻ ഡിജിപിയെ വശത്താക്കാനുള്ള നീക്കത്തിന് കാരണം.

Update: 2020-05-22 06:30 GMT

തിരുവനന്തപുരം: കാന്‍സറില്‍ തുടങ്ങി കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരെ മുന്നിട്ട് നില്‍ക്കുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പദവിയ്ക്കായി പോര് മുറുകി. നിലവിലെ ഡയറക്ടര്‍ ആശാ കിഷോറിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് ജീവനക്കാരും മുന്‍ ഡിജിപിയും അടങ്ങുന്ന സംഘത്തിന്റെ നീക്കം. എന്നാല്‍ ശ്രീചിത്രയുടെ നിലവിലെ നേട്ടങ്ങള്‍ ആശാ കിഷോറിന്റെ കാലാവധി നീട്ടി കൊടുക്കാന്‍ സാധ്യത നല്‍കുന്നതാണ്. ഇത് മുന്നില്‍ കണ്ട് പദവി നോക്കി നില്‍ക്കുന്ന ഡോക്ടര്‍മാരും സംഘവും ആശാ കിഷോറിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി കെ. സാരസ്വതിനും ഡയറക്ടര്‍ക്കുമെതിരെ ഇവര്‍ വ്യാജപരാതികള്‍ അയച്ചിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. ആശാ കിഷോറിനെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നുവെന്ന് അറിഞ്ഞതുകൊണ്ടാണ് വീണ്ടും ശ്രീചിത്രയിലെ ഗവേണിങ് ബോഡി അംഗമായ മുന്‍ ഡിജിപിയെ സ്വാധീനിച്ച് ജീവനക്കാര്‍ രംഗത്തുള്ളത്. അഞ്ചുവര്‍ഷമാണ് ഒരു ഡയറക്ടറുടെ കാലാവധിയെങ്കിലും പ്രവര്‍ത്തന മികവും പ്രാവീണ്യവും കണക്കിലെടുത്ത് ഗവേണിങ് ബോഡിക്ക് ഡയറക്ടറെ തുടരാന്‍ അനുവദിക്കാം. ഇതാണ് മുൻ ഡിജിപിയെ വശത്താക്കാനുള്ള നീക്കത്തിന് കാരണം.

ഡോ.വല്യത്താന്‍ മാത്രമാണ് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്നത്. അതിനുശേഷം വന്നവരുടെ പ്രകടനം അത്ര പോരെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആശാ കിഷോര്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറി. വല്യത്താനു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതല്‍ കേന്ദ്ര ഫണ്ട് എത്തിച്ചതും ആശാ കിഷോറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. മാത്രമല്ല നിരവധി ഗവേഷണങ്ങള്‍ നടത്തി വിജയിക്കുകയും ചെയ്തു. കോവിഡ് 19 വ്യാപനത്തിനെതിരെ പ്ലാസ്മാ തെറാപ്പി ആദ്യം കണ്ടുപിടിച്ചതും തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. പരീക്ഷണത്തിനായി ഐസിഎംആറിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് വീണ്ടും ഡയറക്ടര്‍ക്കെതിരെ ആരോപണവുമായി ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി.കെ. സാരസ്വതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡോ. ആശാ കിഷോര്‍ പ്രസിഡന്റിനാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഈ റിപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കും ഗവേണിങ് ബോഡിക്കും നല്‍കും. അവരാണ് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.

Tags:    

Similar News