ഫിക്കി ഡി എം സി സി മേയ്ഡ് ഫോര്‍ ട്രേഡ് ലൈവ് റോഡ് ഷോ സംഘടിപ്പിച്ചു

ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കുമെന്ന് ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ ( ഡി എം സി സി ) എക്‌സിക്യുട്ടീവ് ചെയര്‍മാനും സി ഇ ഒയുമായ അഹമദ് ബിന്‍ സുലായേം

Update: 2022-08-02 15:35 GMT

കൊച്ചി: കേരളത്തിലെ കാര്‍ഷിക, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി സാധ്യത ലഭ്യമാക്കാമെന്ന് ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ ( ഡി എം സി സി ) എക്‌സിക്യുട്ടീവ് ചെയര്‍മാനും സി ഇ ഒയുമായ അഹമദ് ബിന്‍ സുലായേം. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് മള്‍ട്ടി കമ്മോഡിറ്റിസ് സെന്റര്‍ (ഡി എം സി സി), ഗവണ്‍മെന്റ് ഓഫ് ദുബായ് അതോറിറ്റി ഫോര്‍ കമ്മോഡിറ്റിസ് ട്രേഡ് ആന്‍ഡ് എന്റര്‍ പ്രൈസസ് എന്നിവരുടെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ മെയ്ഡ് ഫോര്‍ ട്രേഡ് ലൈവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീ, കോഫി, സ്വര്‍ണം, രത്‌നം, സുഗന്ധവ്യഞ്ജന, ഹോട്ടല്‍ വ്യവസായങ്ങള്‍ക്ക് ദുബായില്‍ ഏറെ സാധ്യതകളുണ്ട്. കേരളത്തില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ടെക് വ്യവസായത്തിനും ഡി എം സി സി പ്രോല്‍സാഹനം നല്‍കുന്നുണ്ട്. സെപ കരാര്‍ നിലവില്‍ വന്നതോടെ വിപണി സാധ്യതകളും വളര്‍ന്നു. ഡി എം സി സി യുടെ ഫ്രീ സോണിലൂടെ കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാമെന്ന് അഹമദ് ബിന്‍ സുലായേം പറഞ്ഞു. കൂടുതല്‍ പ്രാദേശിക ഉഭയകക്ഷി കരാറുകള്‍ക്ക് യു എ ഇ മുന്‍ഗണന നല്‍കുകയാണ്. സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും ഡി എം സി സി യുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ഡി എം സി സി യുടെ ഫ്രീ സോണില്‍ കമ്പനി ആരംഭിക്കുന്നതിലൂടെ നൂറ് ശതമാനം ഫോറിന്‍ ബിസിനസ് ഉടമസ്ഥാവകാശം, പ്രാദേശിക പങ്കാളികളില്ലാതെ സ്വന്തം ബിസിസ്, പേഴ്‌സണല്‍, കോര്‍പറേറ്റ് വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്പ്‌റ്റോ, ബ്ലോക്ക് ചെയിന്‍ വ്യവസായത്തിലും കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് എതി സാധ്യതയുണ്ടെന്ന് അഹമദ് സുലായെം പറഞ്ഞു.

സെപ കരാര്‍ നിലവില്‍ വന്നതോടെ വാണിജ്യ, കയറ്റുമതി അവസരങ്ങളുടെ ആഗോള വാതായനമായി ദുബായി മാറിയെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഫിക്കി കേരള ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി പറഞ്ഞു.കേരളത്തില്‍ ആരംഭിക്കുന്ന വ്യവസായ ഇടനാഴികള്‍ വാണിജ്യ രംഗത്ത് കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നും ദുബായിലേക്ക് വാണിജ്യ കയറ്റുമതി വ്യവസായം വ്യാപിപ്പിക്കാന്‍ കേരളത്തിലെ സംരംഭകര്‍ക്കുള്ള സുവര്‍ണാവസരമാണിതെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കെ എം ഹരിലാല്‍ പറഞ്ഞു. സെപ കരാര്‍ ഇരു രാജ്യങ്ങള്‍ക്കും നിര്‍ണ്ണായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഫ്രീ സോണില്‍ ബിസിനസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ വാണിജ്യ, വ്യവസായ സംരംഭകര്‍ ഡി എം സി സി പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി. ഡി എം സി സി ഏഷ്യ, കിഴക്കന്‍ യൂറോപ്പ് പ്രതിനിധി ബാസല്‍ ബിറ്റര്‍ ഫ്രീ സോണിലെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. ദുബായിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഡി എം സി സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സഞ്ജീവ് ദത്ത, അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റിയാസ് അഹമ്മദ്, പേള്‍ ഇന്‍വസ്റ്റ്‌മെന്റ് സി ഇ ഒ മുഹമ്മദ് റാഫി, റിയ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മത്തായി, ഫിക്കി കേരള മേധാവി സാവിയോ മാത്യു പങ്കെടുത്തു.

Tags:    

Similar News