മുമ്പ് പീഡിപ്പിച്ചവര്‍ കൊല്ലുമെന്ന് ഭയം; അങ്കണവാടിയില്‍ അഭയംതേടി പെണ്‍കുട്ടി

പെണ്‍കുട്ടിയെ പോലിസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. നേരത്തെ ചൈല്‍ഡ് ലൈനില്‍നിന്നുള്ള പരാതിയെത്തുടര്‍ന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്ന ഒഡീഷ സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്.

Update: 2019-12-07 01:58 GMT

കൊച്ചി: തന്നെ മുമ്പ് ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്താല്‍ ഇതരസംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി അങ്കണവാടിയില്‍ അഭയം തേടി. മൂവാറ്റുപുഴയിലാണ് സംഭവം. പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് ഹോമില്‍നിന്ന് തിരിച്ചെത്തി അമ്മയുടെ സംരക്ഷണത്തിലായിരുന്നു. താന്‍ ജോലിക്ക് പോവുന്ന നേരത്ത് കുട്ടി പുറത്തുപോവാതിരിക്കാനും അന്യരുമായി കൂട്ടുകൂടാതിരിക്കാനുമായി അമ്മ പറഞ്ഞ കാര്യങ്ങളോര്‍ത്ത് ഭയന്നാണ് കുട്ടി അങ്കണവാടിയിലെത്തിയത്. തന്നെ ആരോ കഴുത്തുഞെരിച്ച് കൊല്ലുമെന്ന് ഹിന്ദി കലര്‍ന്ന ഭാഷയില്‍ കുട്ടി പറഞ്ഞതോടെ അങ്കണവാടി അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലിസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. നേരത്തെ ചൈല്‍ഡ് ലൈനില്‍നിന്നുള്ള പരാതിയെത്തുടര്‍ന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്ന ഒഡീഷ സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്.

കുട്ടിയുടെ കുടുംബവും പ്രതികളും ഒരേ ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നവരാണ്. അനാവശ്യമായി പുറത്തിറങ്ങുകയോ അന്യരോട് ഇടപെടുകയോ ചെയ്താല്‍ നേരത്തെ നിന്നെ ഉപദ്രവിച്ചതിന് പോലിസ് പിടിച്ചുകൊണ്ടുപോയവരോ അവരുടെ ആള്‍ക്കാരോ വന്ന് കൊല്ലുമെന്നു പറഞ്ഞ് അമ്മ കുട്ടിയെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് പോലിസിന് വ്യക്തമായത്. പ്രതിയുടെ സഹോദരനും മറ്റും വന്ന് ഉപദ്രവിക്കുമെന്നായിരുന്നു കുട്ടി കരുതിയിരുന്നത്. കുട്ടിയുടെ രക്ഷയെക്കരുതി അമ്മ പറഞ്ഞ കാര്യങ്ങളോര്‍ത്ത് വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ ഭയന്ന കുട്ടി, നേരത്തെ പഠിച്ചിരുന്ന അങ്കണവാടിയിലെത്തുകയായിരുന്നു. കുട്ടിയെ ആരും ഉപദ്രവിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് മൂവാറ്റുപുഴ പോലിസ് പറഞ്ഞു. വീട്ടിലേക്ക് പോവാന്‍ ഭയമാണെന്നു പറഞ്ഞ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. 

Tags:    

Similar News