ഫാഷന്‍ ജ്വല്ലറി തട്ടിപ്പ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എം സി കമറുദ്ദീന്റെ ഹരജിയും തള്ളി
കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സി കമറുദ്ദീന്റെ ഹരജി ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജ്വല്ലറി തട്ടിപ്പുകേസില്‍ എം സി കമറുദ്ദീന്‍ മുഖ്യ ആസൂത്രധാരനെന്നും എംഎല്‍എ തന്റെ രാഷ്ട്രീയസ്വാധീനം തട്ടിപ്പിനുപയോഗിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കമറുദീന്റെ വാദം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ എംഎല്‍എയും കൂട്ടരും തട്ടിയെടുത്തെന്നാണ് കേസ്. നിലവില്‍ 128 ഓളം കേസുകളാണ് എം സി കമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.