കര്‍ഷക ക്ഷേമനിധി നിയമം: ചട്ടങ്ങളുടെ കരട് തയാറാക്കാന്‍ എട്ടംഗ വിദഗ്ധ സമിതി

ഒരു മാസത്തിനകം ചട്ടങ്ങളുടെ കരടു തയാറാക്കി സമര്‍പ്പിക്കാനാണു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

Update: 2020-01-16 08:36 GMT

തിരുവനന്തപുരം: കേരള കര്‍ഷക ക്ഷേമനിധി നിയമത്തിനുള്ള ചട്ടങ്ങളുടെ കരടു തയാറാക്കാന്‍ എട്ടംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ആർ രാജേശ്വരി, പിപിഎം സെല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഹരികുമാര്‍, കൃഷി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അജിത്കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വി ജി ഹരീന്ദ്രന്‍, കൃഷി ഓഫീസര്‍മാരായ പ്രമോദ്കുമാര്‍, മണിവര്‍ണന്‍, എസ് പി വിഷ്ണു എന്നിവരാണ് സമിതി അംഗങ്ങള്‍.

കഴിഞ്ഞ നവംബര്‍ 21നാണു കേരള കര്‍ഷക ക്ഷേമനിധി നിയമം കേരള നിയമസഭ പാസാക്കിയത്. ചട്ടങ്ങള്‍കൂടി തയാറാക്കിയാല്‍ മാത്രമേ നിയമം പ്രവൃത്തിപഥത്തിലെത്തിക്കാനാകൂ. കര്‍ഷകര്‍ക്കു പെന്‍ഷന്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും യുവതലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ക്ഷേമനിധി രൂപീകരിക്കുകയാണു നിയമംകൊണ്ടു ലക്ഷ്യമിടുന്നത്. ഒരു മാസത്തിനകം ചട്ടങ്ങളുടെ കരടു തയാറാക്കി സമര്‍പ്പിക്കാനാണു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

Tags:    

Similar News